കാനത്തൂർ, പയർപ്പള്ളത്തും പുലി; ഷെഡിൽ കെട്ടിയിട്ട വളർത്തുനായയെ കൊന്നു തിന്നു

കാസർകോട്: ഇരിയണ്ണി, പയത്തിൽ വീട്ടുമുറ്റത്തെത്തിയ പുലി വളർത്തു നായയെ കൊന്നതിനു പിന്നാലെ കാനത്തൂർ, പയർപ്പള്ളത്തും പുലിയിറങ്ങി. ചൊവ്വാഴ്ച രാത്രി എത്തിയ പുലി വീട്ടിനു സമീപത്തെ ഷെഡ്ഡിൽ ചങ്ങലയിൽ കെട്ടിയിട്ടിരുന്ന വളർത്തു നായയെ കൊന്നു തിന്നു. റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ രാജൻ്റെ വളർത്തു നായയെയാണ് പുലി കൊന്നത്. ബുധനാഴ്‌ച രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിഞ്ഞതെന്നു രാജൻ പറഞ്ഞു. മൂന്നു നായ്ക്കളെയാണ് വീട്ടിൽ വളർത്തുന്നത്. ഇവയിൽ രണ്ടെണ്ണത്തെ കൂട്ടിനകത്തും ഒന്നിനെ കുരങ്ങ് ഭീഷണി ഉള്ളതിനാൽ വീട്ടിനടുത്തുള്ള ഷെഡിലുമാണ് രാത്രി കാലങ്ങളിൽ കെട്ടിയിടാറ്. ഇരുമ്പു തൂണിലും ഏണിയിലുമായാണ് ചങ്ങല ബന്ധിച്ചിരുന്നത്. ചങ്ങല കഴുത്തിൽ നിന്നു ഊരാൻ കഴിയാത്തതിനാൽ അവിടെ വച്ചു തന്നെ കൊന്ന് തിന്നുകയായിരുന്നുവെന്നു സംശയിക്കുന്നതായി രാജൻ പറഞ്ഞു. മൂന്നു വയസ് പ്രായമുള്ള ആൺപട്ടി നല്ല ആരോഗ്യത്തിലുള്ളതായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഒരിടവേളയ്ക്കു ശേഷം ഇരിയണ്ണിയിലും പരിസരങ്ങളിലും വീണ്ടും പുലി വീട്ടുമുറ്റങ്ങളിൽ എത്താൻ തുടങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ ഇരിയണ്ണി, പയത്തെ റിട്ട. അധ്യാപകൻ ഗണപതി ഭട്ടിൻ്റെ വീട്ടുമുറ്റത്ത് കിടന്നുറങ്ങുകയായകയായിരുന്ന നായയെ പുലി കൊന്നിരുന്നു. പട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടപ്പോൾ നായയെ ഉപേക്ഷിച്ച് പുലി രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് പയർപ്പള്ളത്തും പുലി എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top