
കാസർകോട്: കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരിയണ്ണിയിൽ വീണ്ടും പുലിയിറങ്ങി. പയത്തിലെ റിട്ട. അധ്യാപകൻ ഗണപതി ഭട്ടിൻ്റെ വീട്ടുമുറ്റത്ത് എത്തിയ നായയെ പുലി കടിച്ചുകൊന്നു. പട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടപ്പോൾ പുലി കാട്ടിനകത്തേക്ക് ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്‌ച പുലർച്ചെയാണ് സംഭവമെന്ന് വീട്ടുടമയായ ഗണപതിഭട്ട് പറഞ്ഞു. മൂന്നരമണിയോടെ നായയുടെ കരച്ചിൽ കേട്ട് ഉണർന്നു ലൈറ്റിട്ടപ്പോൾ നായയെയും കടിച്ച് പുലി ഓടുകയായിരുന്നു. ടോർച്ചടിച്ച് പിന്നാലെ പോയപ്പോൾ നായയെ ഉപേക്ഷിച്ച പുലി കാട്ടിലേക്ക് ഓടിമറഞ്ഞതായി അദ്ദേഹം പറഞ്ഞു. കഴുത്തിനു ആഴത്തിൽ പല്ലു തറച്ചതിൻ്റെ മുറിവുകളുണ്ട്. ശരീരത്തിലും മുറിവുകൾ ഉണ്ട്. ആറു വയസു പ്രായമുള്ള ലാബ്രഡോർ ഇനത്തിൽ പെട്ട ആൺ പട്ടിയാണ് അക്രമത്തിനു ഇരയായത്. സുഖമില്ലാത്തതിനാൽ രാത്രിയിൽ കൂട്ടിലാക്കിയിരുന്നില്ല. മുറ്റത്തു കിടന്നുറങ്ങിയ നായയെയാണ് പുലി പിടിച്ചത്-അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബന്തടുക്ക, മാണിമൂല, കണ്ണാടിത്തോട്ടിൽ പുലിയിറങ്ങിയിരുന്നു. പ്രസ്‌തുത പ്രദേശത്ത് വനം വകുപ്പ് അധികൃതർ ജാഗ്രത പാലിച്ചു വരുന്നതിനിടയിലാണ് ഇരിയണ്ണി പയത്ത് പുലിയിറങ്ങിയത്.



