ഇരിട്ടിയിൽ നാലു പശുക്കളെ അക്രമിച്ചുകൊന്ന കടുവ വനം വകുപ്പ് വെച്ച കൂട്ടിൽ വീണു

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിൽ നാലു പശുക്കളെ അക്രമിച്ചുകൊന്ന കടുവ വനം വകുപ്പ് വെച്ച കൂട്ടിൽ വീണു. 10 വയസ്സ് തോന്നിക്കുന്ന ആൺകടുവയാണ് രാത്രി 11.30തോടെ വനം വകുപ്പിൻ്റെ കൂട്ടിൽ അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടനെതന്നെ കടുവയെ വയനാട് കുപ്പാടി കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി.കിടന്ന കിടപ്പിലും രക്ഷപ്പെടാൻ ശ്രമിച്ച നിലയിലും ആയി ജീവനറ്റ പശുക്കൾ. കഴുത്തിൽ പല്ലുകൾ ആഴത്തിൽ ഇറങ്ങിയതിന്റെ മുറിവുകൾ. തൊഴുത്തിലും പുൽക്കൂടിലും ആയി രക്‌തം തളം കെട്ടിയ നിലയിൽ. പാലത്തുംകടവിൽ പുല്ലാട്ടുകുന്നേൽ കുടുംബത്തിന്റെ പശുത്തൊഴുത്ത് ഇന്നലെ കാണുന്നവർക്കെല്ലാം സങ്കടം ഉളവാക്കുന്നതായിരുന്നു.രൂപേഷ്, സഹോദരൻ രാകേഷ്, പിതാവ് രാഘവൻ, അമ്മ സരസു എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഉപജീവനമാർഗം കൂടിയാണ് കടുവയുടെ ക്രൂരതയിൽ ഇല്ലാതായത്. രോഗബാധിതൻ കൂടിയായ രാകേഷിന്റെ ചികിത്സയും പ്രതിസന്ധിയിലായി. കേരള ബാങ്കിൽ നിന്നു 5 ലക്ഷം രൂപ ലോൺ എടുത്തിട്ടാണ് പശുവളർത്തൽ സംരംഭം നടത്തുന്നത്. ഈ വായ്‌പ എഴുതിത്തള്ളി കുടുംബത്തെ സഹായിക്കണമെന്നും ആവശ്യം ശക്തമാണ്.
കടുവ ഒരു പശുവിനെ ഇരയാക്കാൻ ശ്രമിച്ചതിൻ്റെ തുടർച്ചയായിട്ടാണ് 4 എണ്ണത്തെയും കൊല്ലുന്നതിലേക്ക് എത്തിയതെന്നാണ് വനം വകുപ്പ് നിഗമനം. ആദ്യം പശുക്കിടാവിനെ കഴുത്തിൽ കടിച്ചുകൊന്നു എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചു. കൂട്ടിൽ കയറിൽ കുറുക്കി കെട്ടിയിട്ടിരുന്നതിനാൽ സാധിച്ചില്ല.പിന്നാലെ ഓരോന്നിനെയായി കഴുത്തിൽ കടിച്ചുകൊന്നു എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും എല്ലാത്തിനെയും കെട്ടിയിട്ടിരുന്നതിനാൽ സാധിച്ചില്ല. ഏറെ സമയം കടുവ തൊഴുത്തിൽ ഉണ്ടായിരുന്നതായും കയറിൽ കെട്ടിയിട്ടതിനാൽ പശുക്കൾക്ക് ഓടിരക്ഷപ്പെടാൻ പോലും സാധിച്ചില്ലെന്നും സ്ഥലം കാണുമ്പോൾ വ്യക്‌തം. കടുവകളുടെ പ്രജനന സമയം ആയതിനാൽ ഒരു മാസത്തോളം കടുവ സാന്നിധ്യം പ്രതീക്ഷിക്കണമെന്ന സ്ഥിതിയും ഗ്രാമീണരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top