പുണെ ബാരാമതിയിൽ അജിത് പവാറിൻ്റെ സംസ്‌കാര ചടങ്ങിനായി എത്തിയ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയപ്പോൾ അവസരം മുതലെടുത്ത് മോഷ്‌ടാക്കൾ ഒട്ടേറെ പേരുടെ പണവും ആഭരണവും കവർന്നു. ജനുവരി 28നുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ മരിച്ചത്. അപകടത്തിന്റെ പിറ്റേന്നായിരുന്നു സംസ്‌ഥാന ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം. ഈ അവസരത്തിലാണ് മോഷ്ടാക്കൾ 15 ഓളം സ്വർണമാലകൾ കവർന്നത്.വിലാപയാത്രയ്ക്ക് ഒപ്പം സഞ്ചരിച്ചവരുടെ പക്കൽനിന്നും ഏകദേശം 30 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. അതേസമയം മോഷണത്തിനിടെ കുറച്ചുപേരെ പ്രവർത്തകർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. സംസ്‌കാര ചടങ്ങിലേക്ക് എത്തിയ ജനങ്ങളെ നിയന്ത്രിക്കാൻ വേണ്ടി മാത്രം 8000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. എന്നിട്ടും മോഷണം നടന്നത് പൊലീസിനു നാണക്കേടായി.മോഷണ പരാതികൾ ധാരാളം എത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. മോഷണക്കേസിലെ പ്രതികളെ പിടികൂടി ചോദ്യം ചെയ്തുതു. വിലാപയാത്രയ്ക്കിടെ മോഷണം തകൃതിയായി നടന്നതിൽ പാർട്ടി നേതാക്കളും അമർഷം പങ്കുവച്ചിട്ടുണ്ട്.
അജിത് പവാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ പരക്കെ മോഷണം; കവർന്നത് 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ, നാണംകെട്ട് പൊലീസ്


