കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ കുറ്റക്കാരിയെന്ന് കോടതി, ആൺസുഹൃത്തിനെ വെറുതെവിട്ടു

കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയുടെ വിധി.
രണ്ടാം പ്രതിയും ശരണ്യയുടെ ആൺസുഹൃത്തുമായ നിധിനെ കോടതി വെറുതെ വിട്ടു. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ല. ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർക്കുമെതിരെ വിമർശനം ഉന്നയിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവ് ശേഖരിക്കുന്നതിൽ വീഴ്‌ചപറ്റിയെന്നും ചൂണ്ടിക്കാട്ടി.2020 ഫെബ്രുവരിയിലാണ് ശരണ്യ തന്റെ ഒന്നര വയസുള്ള കുഞ്ഞിനെ കടൽത്തീരത്തെ ഭിത്തിയിൽ എറിഞ്ഞ് കൊന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിനൊടുവിൽ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടിൽ നിന്നും 50 മീറ്റർ അകലെയുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് മകനെ കൊന്നതെന്നായിരുന്നു ശരണ്യ പൊലീസിന് നൽകിയ മൊഴി. കേസിൽ 47 സാക്ഷികളെ വിസ്‌തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറഞ്ഞത്.
സംഭവം നടന്ന് അഞ്ച് വർഷങ്ങൾക്കുശേഷം 2025 ജനുവരിയിൽ ശരണ്യ ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. കോഴിക്കോട് റെയിൽവെ സ്‌റ്റേഷന് സമീപത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top