ന്യൂഡൽഹി മധ്യപ്രദേശിലെ സതയിൽ ആറു കുടുംബങ്ങളിലെ കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തി. തലാസീമിയ രോഗികളാരായ 6 കുട്ടികൾക്ക് ആശുപത്രികളിൽനിന്നു രക്തം സ്വീകരിച്ചപ്പോൾ എച്ച്ഐവി ബാധിച്ചെന്നാണ് നിഗമനം. പതിനൊന്ന് വയസിൽ താഴെ പ്രായമുള്ള 5 ആൺകുട്ടികൾക്കും ഒൻപതു വയസുള്ള ഒരു പെൺകുട്ടിക്കുമാണ് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തിയത്. ഒരു കുട്ടിയുടെ രക്ഷിതാക്കളും എച്ച്ഐവി പോസിറ്റീവാണെന്നു കണ്ടെത്തിയിട്ടുണ്ട്.സത്ന ജില്ലാ ആശുപത്രി, ജബൽപുർ ജില്ലാ ആശുപത്രി എന്നിവയടക്കം ആശുപത്രികളിൽനിന്നാണു കുട്ടികൾക്കു രക്തം നൽകിയത്. ഈ വർഷം ജനുവരിക്കും മേയ് വരെയുള്ള കാലയളവിൽ ഇവർക്ക് എച്ച്ഐവി സ്‌ഥിരീകരിച്ചെങ്കിലും ഇപ്പോൾ മാത്രമാണ് വിവരം പുറംലോകമറിഞ്ഞത്. സമഗ്രമായ അന്വേഷണത്തിന് മധ്യപ്രദേശ് ആരോഗ്യമന്ത്രി രാജേന്ദ്ര ശുക്ല ഉത്തരവിട്ടു. സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തത ലഭിക്കുയെന്നും സർക്കാർ ആശുപത്രിയിൽ നിന്നല്ലാതെ മറ്റ് ആശുപത്രികളിൽ നിന്ന് രക്തം സ്വീകരിച്ചിരുന്നോ എന്നും വ്യക്‌തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽനിന്നു രക്‌തം സ്വീകരിച്ചു; തലാസീമിയ രോഗികളായ 6 കുട്ടികൾക്ക് എച്ച്ഐവി


