മലപ്പുറം: സ്കൂളിന് മുന്നിൽവെച്ച് ലോറിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം.
മലപ്പുറം കുരുവമ്പലത്താണ് സംഭവം. കൊളത്തൂർ നാഷണൽ എൽപി സ്കൂളിലെ അറബി അധ്യാപിക നഫീസയാണ് മരിച്ചത്. സ്കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മരണം. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ടീച്ചറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈകുന്നേരം സ്കൂൾ വിട്ട് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നഫീസയുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ മുൻഭാഗം നഫീസയുടെ വാഹനത്തിൽ തട്ടി. സ്കൂട്ടർ ചെരിയുകയും നഫീസ ലോറിക്കടിയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ടിപ്പർ അമിത വേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.സ്കൂൾ പരിസരത്ത് ടിപ്പറുകൾ പകൽ സമയത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് കാറ്റിൽപറത്തിയാണ് ടിപ്പറുകളുടെ മരണപ്പാച്ചിലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പല ഡ്രൈവർമാരും അമിത വേഗതയിലാണ് പായുന്നതെന്നും പൊലീസും മോട്ടോർ വാഹന വകുപ്പും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
സ്കൂളിന് മുന്നിൽവെച്ച് ലോറിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം: ദുരന്തം വിരമിക്കാൻ മാസങ്ങൾ മാത്രം നിൽക്കെ


