കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നതടക്കം 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്വിഫ്റ്റ് ബസ് തടഞ്ഞു.ഡി.എ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവിറക്കുക, ഡ്രൈവര്‍മാരുടെ സ്പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമരക്കാര്‍ ഉയര്‍ത്തുന്നുണ്ട്. പണിമുടക്ക് ഒഴിവാക്കാന്‍ കെ.എസ്.ആര്.ടി.സി സി.എം.ഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂര്‍ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.
സമരത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. സമരം കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള ഗൂഢാലോചന എന്ന് മന്ത്രി വിമര്‍ശിച്ചു. സമരം പൊതു ജനങ്ങളെ ബാധിക്കാനിടയുണ്ട്. 50 ശതമാനത്തിലധികം ബസുകള്‍ ഇന്ന് സര്‍വീസ് നടത്തില്ലെന്നാണ് സമരക്കാരുടെ അവകാശവാദം.