ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ കടുപ്പിച്ച് സുപ്രീം കോടതി. പൊതു ഇടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്ന് നിർദേശിച്ചു. വിദ്യാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും സുരക്ഷിതമാക്കണമെന്നും സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ദേശീയ- സംസ്ഥാന- ജില്ലാ പാതകളിൽ പട്രോളിങ് വേണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
’24 മണിക്കൂർ പട്രോളിങ് ശക്തമാക്കണം. റോഡ് സുരക്ഷ ഉറപ്പുവരുത്താൻ പട്രോൾ ടീമിനെ നിയോഗിക്കണം. പൊലീസും തദ്ദേശസ്ഥാപനങ്ങളും സഹകരിക്കണം. നിർദ്ദേശങ്ങൾ എട്ടാഴ്‌ചക്കകം നടപ്പാക്കണം. നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നടപ്പാക്കണം. രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ അറിയിക്കണം’, സുപ്രീം കോടതി പറഞ്ഞു.അമികസ് ക്യൂറി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. അധിക സത്യവാങ്മൂലം നൽകാനും സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈവേയിലെ തെരുവുനായ്ക്കളുടെ പുനരധിവാസത്തിൽ എട്ടാഴ്‌ചയ്ക്കകം സത്യവാങ്മൂലം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും എൻഎച്ച്എഐക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തെരുവുനായ വിഷയത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. തെരുവുനായ പ്രജനന നിയന്ത്രണം നടപ്പാക്കിയെന്ന സംസ്ഥാന സർക്കാരുകളുടെ സത്യവാങ്മൂലത്തിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അൻജാരിയ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
‘പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണം’; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി


