പത്തനംതിട്ട: പത്തനംതിട്ട ഡിസിസി ഓഫീസിൽ പെരുമ്പാമ്പിൻകുഞ്ഞുങ്ങൾ. കർഷക കോൺഗ്രസ് ജില്ലാ നേതൃയോഗത്തിനിടെയാണ് നേതാക്കളിലൊരാളുടെ കണ്ണിൽ പാമ്പുകൾ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ വിവരം ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിനെ അറിയിച്ചു. കോന്നി വനംവകുപ്പ് ഓഫീസിൽ വിവരമറിയിച്ചതോടെ വനംവകുപ്പ് ജീവനക്കാർ ഡിസിസി ഓഫീസിലെത്തി. തുടർന്ന് മൂന്ന് പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ പ്രദേശത്തുനിന്ന് പിടികൂടി.
മുട്ട വിരിഞ്ഞിറങ്ങിയ പെരുമ്പാമ്പിൻകുഞ്ഞുങ്ങൾക്ക് രണ്ടാഴ്ച മാത്രമാണ് പ്രായമെന്ന് വനംവകുപ്പ് പ്രതികരിച്ചു. പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ പിന്നീട് കുമ്മണ്ണൂർ വനമേഖലയിൽ തുറന്നുവിട്ടു.