ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെയെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. ലിസ്റ്റിൽ ഇല്ലാത്ത റൈഡിന് അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി അനുമതി കൊടുത്തിട്ടുണ്ടെങ്കിൽ വീഴ്ചയാണ്. അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ അത് ഇതുവരെ ചെയ്തിട്ടില്ല. അക്കാര്യം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് കളക്‌ടർ ട്വന്റിഫോറിനോട് പറഞ്ഞു.ഇത്തരത്തിലുള്ള സാഹസിക വിനോദ കേന്ദ്രങ്ങൾ നടത്തുമ്പോൾ ദുരന്ത നിവാരണ സേനയുടെ കീഴിൽ ഒരു ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചാൽ അത് ഉചിതമാകും. സാഹസിക വിനോദങ്ങൾക്ക് അനുമതി നൽകാൻ ജില്ലാ തലത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചായിരിക്കും സമിതി രൂപീകരിക്കുക.
ഒക്ടോബറിലാണ് സ്കൈ ഡൈനിംഗ് ആനച്ചാലിൽആരംഭിച്ചത്. ജില്ലയിൽ ഇത്തരത്തിൽ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെ എന്ന കാര്യത്തിൽ ഒരു ലിസ്റ്റ് ഉണ്ടാകാനാണ് ആദ്യം ശ്രമിക്കുന്നത്. ഇടുക്കിയിലെ സാഹസിക വിനോദ കേന്ദ്രങ്ങളിൽ പരിശോധന നടത്തും. അനുമതിയില്ലെന്ന് കണ്ടെത്തിയാൽ അടച്ചു പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയത്. രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് നാലരമണിക്കൂറോളം കുടുങ്ങികിടന്നത്. ഒന്നരമണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് കുടുങ്ങിക്കിടന്നവരെ സുരക്ഷിതരായി താഴെ ഇറക്കിയത്.
‘ആനച്ചാലിൽ സ്കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെ’; വിനോദ കേന്ദ്രങ്ങളിൽ ഉടൻ പരിശോധന നടത്തും, ജില്ലാ കളക്ടർ


