തൃശ്ശൂർ: വീട്ടിലിരുന്ന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ രചന വിഭാഗത്തിൽ മത്സരിച്ച സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്. എച്ച്എസ് വിഭാഗം അറബിക് പോസ്റ്റർ മത്സരത്തിലാണ് വിജയിച്ചത്. കാസർകോട് പടന്ന വി കെ പി കെ എച്ച് എം എം ആർ വി എച്ച്എസ്എസിലെ വിദ്യാർത്ഥിയാണ് സിയ. സംസ്ഥാന സ്കൂൾ കലോത്സവ ചരിത്രത്തിൽ ഇതാദ്യമായാണ് വീഡിയോ കോൺഫറൻസിലൂടെ ഒരു വിദ്യാർത്ഥി മത്സരത്തിൽ പങ്കെടുക്കുന്നത്.
‘വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗം കാരണം കലോത്സവ വേദിയിൽ എത്താൻ സിയക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് മന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ഇത് പരിഗണിച്ചാണ് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാൻ അവസരം ഒരുങ്ങിയത്. വിദ്യാഭ്യാസ വകുപ്പാണ് പ്രത്യേക അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കിയത്.ഇന്നലെ രാത്രി കൈറ്റ് അധികൃതർ പടന്നയിലെ വീട്ടിലെത്തി ഓൺലൈൻ മത്സരത്തിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച മത്സരം 12 മണിയോടെയാണ് അവസാനിച്ചത്. പുസ്‌തകമേള എന്നതായിരുന്നു വിഷയം. രക്തക്കുഴലുകൾക്കുണ്ടമായ വീക്കമാണ് വാസ്ക്‌കുലൈറ്റിസ്. ഇത് ധമനികളെയും സിരകളെയും ബാധിച്ചേക്കാം. മനുഷ്യ ശരീരത്തിലെ അവയവങ്ങളിലേക്കും കോശങ്ങളിലേക്കുമുള്ള സാധാരണ രക്തപ്രവാഹത്തെ ഇത് തടസ്സപ്പെടുത്തുന്നു.
ഇത് ചരിത്രം; വീട്ടിലിരുന്ന് അറബിക് പോസ്റ്റർ മത്സരത്തിൽ മത്സരിച്ച സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്


