ന്യൂഡൽഹി കേരളത്തിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണ (എസ്ഐആർ) നടപടികൾക്ക് സ്റ്റേയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി വിശദീകരണം തേടി. ഈ മാസം 26ന് ഹർജികൾ വീണ്ടും പരിഗണിക്കും. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ എസ്ഐആറിനെതിരെ കോടതിയെ സമീപിച്ചിരുന്നു.തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപടികൾ മാറ്റിവയ്ക്കണമെന്നാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 26ന് ഹർജികൾ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേരളത്തിലെ വിഷയം പ്രത്യേകമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ ബഞ്ചാകും കേസ് പരിഗണിക്കുക. ബിഹാറിൽ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അഭിഭാഷകൻ ഹാജരാകാത്തതിനാൽ അവരെ കേൾക്കാതെ തീരുമാനിക്കാനാകില്ലെന്നു കോടതി പറഞ്ഞു. കേരളത്തിന്റെ കേസുകൾ 26നും മറ്റു ഹർജികൾ ഡിസംബർ ആദ്യവാരവും പരിഗണിക്കും. കേരളത്തിൻ്റെ കേസ് വ്യത്യസ്ത കേസാണെന്ന് കോടതിക്ക് ബോധ്യമായതായി മുസ്ലിംലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ എംപി പറഞ്ഞു. സ്റ്റേ ആവശ്യം ഉന്നയിക്കാത്തത് കമ്മിഷൻ്റെ അഭിഭാഷകൻ ഹാജരാകാത്തതിനാലാണ്. ഇടക്കാല ഉത്തരവു വന്നാലോ എന്ന തോന്നൽ കാരണമാകാം തിരഞ്ഞെടുപ്പ് കമ്മിഷൻ മാറിനിന്നതെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ല; ഹർജികൾ 26ന് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി




