ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സർക്കാരിനും തിരിച്ചടി;ഉടമസ്ഥാവകാശം നൽകിയ നടപടി റദ്ദാക്കി

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സർക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ എ പൗലോസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. വനം വകുപ്പിന്റെ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, പുതിയ വിജ്ഞാപനം ഇറക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി.ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റിയൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മോഹൻലാലിന്റെ കൈവശം ആനക്കൊമ്പ് എത്തിയത് നിയമ വിരുദ്ധ മാർഗ്ഗങ്ങളിലൂടെ അല്ലെന്നാണ് വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. യഥാർത്ഥ ഉറവിടം ശരിയെന്ന് കണ്ടെത്തിയതിനാലാണ് 4 ആനക്കൊമ്പുകൾ കൈവശം വയ്ക്കുന്നത് നിയമ വിധേയമാക്കിയത് എന്നുമാണ് വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്നും കോടതി വ്യക്തമാക്കി.
2011 ആഗസ്റ്റിലാണ് എറണാകുളം തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘം വീട്ടിൽനിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. പിന്നാലെ ആനക്കൊമ്പുകൾ ഡിക്ലെയർ ചെയ്യാൻ അവസരം നൽകുകയും തുടർന്ന് 2016 ജനുവരി 16ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ മോഹൻലാലിന് ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top