‘സേവ് ബോക്സസ് ആപ്’ തട്ടിപ്പ്; ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി

കൊച്ചി: ‘സേവ് ബോക്‌സ്’ ആപ് തട്ടിപ്പിൽ നടൻ ജയസൂര്യയ്ക്കെതിരെ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. കേസിൽ ജയസൂര്യയെ പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു ജയസൂര്യ. കേസിൽ രണ്ട് തവണ ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിനെ സാധാരണക്കാർക്കിടയിൽ പ്രമോട്ട് ചെയ്യുന്ന തരത്തിൽ അഭിനയിച്ചെന്ന ആരോപണത്തെ തുടർന്നാണ് ജയസൂര്യയെ എൻഫോഴ്സസ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്.
തട്ടിപ്പിലൂടെ സേവ് ബോക്‌സ്‌ നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയിൽ ജയസൂര്യയും ഉൾപ്പെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. നിക്ഷേപമെന്ന പേരിൽ നിരവധിപേരിൽ നിന്ന് കോടികൾ തട്ടിയതിന് ആപ്പ് ഉടമ തൃശൂർ സ്വദേശി സാത്വിക് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുമാണ് ഇ ഡി അന്വേഷിക്കുന്നത്.അതേസമയം പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ എന്തൊക്കെ തട്ടിപ്പുകൾ നടത്തുമെന്ന് ആർക്കെങ്കിലും ഊഹിക്കാനാകുമോയെന്നായിരുന്നു സംഭവത്തിൽ ജയസൂര്യ നേരത്തെ പ്രതികരിച്ചത്. നിയമാനുസൃതമായി മാത്രം സാമ്പത്തിക ഇടപാടുകൾ നടത്തി നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരൻ മാത്രമാണ് താനെന്നും ജയസൂര്യ പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top