ശബരിമലയില്‍ പുതുവര്‍ഷം മുതല്‍ സദ്യ വിളമ്പും. ചോറ്, പരിപ്പ്, അവിയല്‍, തോരന്‍, അച്ചാര്‍, സാമ്പാര്‍, രസം, പപ്പടം, പായസം എന്നീ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയാകും വിളമ്പുക.ഇക്കാര്യം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി
ടെന്‍ഡര്‍ വിളിച്ചോ ഹോര്‍ട്ടികോര്‍പ്പ്, സിവില്‍ സപ്ലൈസ് എന്നിവ വഴിയോ വിഭവങ്ങള്‍ വാങ്ങും.സദ്യയുടെ ചുമതല ദേവസ്വം കമ്മീഷണര്‍ക്കാണ് നല്‍കിയിട്ടുള്ളത്. 2020 വരെ ചോറും കറികളും നല്‍കിയിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം പിന്നീട് പുലാവ് നല്‍കുകയായിരുന്നു. സദ്യയില്‍ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്ന് വരെയാകും സദ്യ വിളമ്പുക. സ്റ്റീല്‍ പ്ലേറ്റും ഗ്ലാസുമാണ് ഇതിനായി ഉപയോഗിക്കുക. വാഴയിലയില്‍ സദ്യ നല്‍കണമെന്നാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ മാലിന്യ സംസ്‌കരണം പ്രശ്നമാകുമെന്ന് കണ്ടാണ് സ്റ്റീല്‍ പ്ലേറ്റിലേക്ക് മാറിയതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞിരുന്നു. തീര്‍ത്ഥാടകരോടുള്ള ദേവസ്വം ബോര്‍ഡിന്റെ സമീപനത്തില്‍ വരുത്തിയ മാറ്റവും അവരോടുള്ള കരുതലുമാണ് വിഭവ സമൃദ്ധമായ സദ്യ നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സാമ്പാര്‍, പരിപ്പ്, പായസം, പപ്പടം; ശബരിമലയില്‍ പുതുവര്‍ഷം മുതല്‍ സദ്യ വിളമ്പും


