തിരക്കൊഴിഞ്ഞ് ശബരിമല, ദർശനത്തിന് നീണ്ട നിരയില്ല; 27ന് വെർച്വൽ ക്യൂ വഴി ദർശനം 35,000 പേർക്ക്

ശബരിമല മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട 27ന് അടയ്ക്കാനിരിക്കെ തിരക്കൊഴിഞ്ഞ് ശബരിമല. രാവിലെ ദർശനത്തിന് നീണ്ട നിരയില്ല. നടപ്പന്തൽ വരെ മാത്രമാണ് രാവിലെ ദർശനത്തിന് എത്തിയവരുടെ വരി നീണ്ടത്. പരീക്ഷകൾ അവസാനിച്ച് ക്രിസ്‌മസ്‌ അവധിക്കാലം നാളെ ആരംഭിക്കാനിരിക്കെ വരും ദിവസങ്ങളിൽ തിരക്ക് വർധിച്ചേക്കാം. ശബരിമല മണ്ഡലപൂജ 27ന് നടക്കാനിരിക്കെ അന്നേ ദിവസം വെർച്വൽ ക്യൂ വഴി 35,000 പേർക്കാണ് ദർശനം അനുവദിച്ചിരിക്കുന്നത്. 27ന് ഉച്ചയ്ക്കാണ് മണ്ഡലപൂജയെങ്കിലും അത്താഴപ്പൂജ കഴിഞ്ഞ് രാത്രി പത്തിനാകും നട അടയ്ക്കുക.അതേസമയം മകരവിളക്ക് തീർഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിനു നട തുറക്കും. അന്നു പ്രത്യേക പൂജകളില്ലെങ്കിലും ദർശനം നടത്താം. മകരവിളക്കു കാലത്തെ പൂജകളും അഭിഷേകവും 31നു പുലർച്ചെ മൂന്നിന് ആരംഭിക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. എരുമേലി പേട്ട തുള്ളൽ ജനുവരി 11നും. മകരസംക്രമ സന്ധ്യയിൽ അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ജനുവരി 12നു പന്തളം കൊട്ടാരത്തിൽനിന്നു പുറപ്പെട്ട് 14നു വൈകിട്ടു സന്നിധാനത്തെത്തും. ശരംകുത്തിയിൽനിന്നു സ്വീകരിച്ച് ആഘോഷമായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top