കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കട്ടിളപ്പാളി കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ജാമ്യം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കൊല്ലം വിജിലൻസ് കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദ്വാരപാല കേസിൽ പോറ്റിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് ജയിൽ മോചിതനാകും. ഉണ്ണികൃഷ്‌ണൻ പോറ്റി ഉൾപ്പെടെ കേസിൽ ഇതുവരെ നാല് പ്രതികൾക്ക് ജാമ്യം ലഭിച്ചു. നാല് പ്രതികൾ നേരത്തേ പുറത്തിറങ്ങിയിരുന്നു.
ദ്വാരപാലക കേസിൽ ഇക്കഴിഞ്ഞ ജനുവരി 21നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയായിരുന്നു കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നുമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ച് ഒരു മാസം പിന്നിടും മുൻപാണ് രണ്ടാമത്തെ കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്
ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളി കേസിലും ജാമ്യം; ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേയ്ക്ക്


