ശബരിമലയിൽ ദർശനം നടത്തിയത് 5 ലക്ഷം തീർഥാടകർ; തിരക്കൊഴിയുന്നു, സുഖ ദർശനം; ഇന്ന് അവലോകന യോഗം

പത്തനംതിട്ട ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർഥാടകർ. മണ്ഡല മകരവിളക്ക് പൂജയ്ക്കായി നവംബർ 16 ന് ശബരിമല നട തുറന്നശേഷം ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർഥാടകർ. നവംബർ 21 വൈകിട്ട് ഏഴു വരെ 4,94,151 തീർഥാടകരാണ് എത്തിയത്. നവംബർ 21ന് മാത്രം വൈകിട്ട് ഏഴുവരെ 72,037 തീർഥാടകർ ദർശനം നടത്തി.ഇന്നു രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. ഇന്നലെ എത്തിയവർക്കും ഒട്ടും കാത്തുനിൽപ്പ് ഇല്ലാതെ സുഖദർശനം ലഭിച്ചു. കർശന നിയന്ത്രണവും സ്പോട്ട് ബുക്കിങ് 5000 മാത്രമായി നിജപ്പെടുത്തിയതുമാണു തിരക്കു കുറയാൻ പ്രധാന കാരണമായി പറയുന്നത്. ഓരോ ദിവസത്തെയും സ്‌ഥിതി നോക്കി സ്പോട്ട് ബുക്കിങ് വേണമെങ്കിൽ കൂട്ടാൻ ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. ഉത്തരവ് ദേവസ്വം ബോർഡിൽ ലഭിക്കാത്തതിനാൽ നടപ്പാക്കിയില്ല.തീർഥാടകരെ പതിനെട്ടാംപടിയിൽ കയറ്റുന്നതിൽ വേഗം കുറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ നീണ്ട നിരയ്ക്കുള്ള പ്രധാന കാരണം. കെഎപി മാത്രമായിരുന്നു പതിനെട്ടാംപടിയിലെ ഡ്യൂട്ടി. കഴിഞ്ഞ ദിവസം അവർക്ക് ഒപ്പം ഐആർബി വിഭാഗത്തെ കൂടി ഡ്യൂട്ടിക്കിട്ടു. ഇതോടെ പടികയറ്റം കുറെക്കൂടി വേഗത്തിലാക്കി. അതുകാരണം നീണ്ട ക്യൂ ഇല്ലാതായി. തീർഥാടന ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഇന്ന് സന്നിധാനത്ത് എത്തും. ഇതിനായി ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിൽ ഉള്ളതിനാൽ പത്രസമ്മേളനം നടത്താൻ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top