കുമ്പളയിൽ വീട്ടിലും കടയിലും കവർച്ച; ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടന്നത് ഭാര്യയും കുടുംബവും കല്യാണ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയ സമയത്ത്

കാസർകോട്: ഒരിടവേളയ്ക്ക് ശേഷം കുമ്പളയിൽ വീണ്ടും കവർച്ച. സോണാബസാർ ജ്വല്ലറി ഉടമ പരേതനായ മമ്മിഞ്ഞി
ഹാജിയുടെ കുമ്പള ടൗണിലുള്ള വീട്ടിൽ ഞായറാഴ്‌ചയാണ് കവർച്ച നടന്നത്. മമ്മിഞ്ഞി ഹാജിയുടെ ഭാര്യ സൈനബയും മകൻ റിസ്വാനും ഭാര്യയും ചെങ്കളയിലെ ബന്ധുവീട്ടിൽ നടന്ന കല്യാണ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു കവർച്ച. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കുടുംബം വീടുപൂട്ടി ഇറങ്ങിയത്. രാത്രി 12മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടു കുത്തിത്തുറന്നനിലയിൽ കാണപ്പെട്ടത്. മുൻവശത്തെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ രണ്ടു അലമാരകൾ കുത്തിത്തുറന്ന് തുണിത്തരങ്ങൾ വാരിവലിച്ചിടുകയും വിലപിടിപ്പുള്ള രണ്ടു വാച്ചുകൾ കവർച്ച ചെയ്‌തുമാണ് രക്ഷപ്പെട്ടത്. അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് രണ്ടു വാതിലുകളുടെയും പൂട്ടുകളുമായറ കവർച്ചക്കാർ കടന്നു കളഞ്ഞത്.
കുമ്പള ടൗണിൽ പ്രവർത്തിക്കുന്ന സ്റ്റേഷനറിക്കടയിലും ഞായറാഴ്‌ച രാത്രി കവർച്ച നടന്നു. കുണ്ടങ്കേരടുക്കയിലെ രമേശ് നായികിന്റെ കടയാണിത്. പൂട്ടുപൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ 6000 രൂപയുടെ നാണയങ്ങൾ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്. രമേശ് നായികിൻ്റെ കടയിൽ ഇത് നാലാം തവണയാണ് കവർച്ച നടക്കുന്നത്. ഇരു സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top