തൃക്കരിപ്പൂർ : ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ, അറിവിന്റെയും വായനയുടെയും അപൂർവ്വ നേട്ടങ്ങളുമായി പേക്കടം ഭാസ്കരൻ മാഷ് സമൂഹത്തിന്റെ അഭിമാനമായി ഉയർന്നു നിൽക്കുന്നു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെക്കുറിച്ച് എഴുതപ്പെട്ട 100-ലധികം പുസ്തകങ്ങളും, കേരളചരിത്രം, ഇന്ത്യൻ ചരിത്രം, ലോകചരിത്രം എന്നിവ ഉൾക്കൊള്ളുന്ന 500-ലധികം ഗ്രന്ഥങ്ങളുമടങ്ങുന്ന സമ്പന്നമായ പുസ്തകശേഖരമാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്.
1983-ൽ കാഞ്ഞങ്ങാട്ടെ പ്രഭാത് ബുക്ക് ഹൗസിൽ നിന്ന് വെറും 10 രൂപയ്ക്ക് വാങ്ങിയ മാക്സിം ഗോർക്കിയുടെ ‘അമ്മ’ എന്ന പുസ്തകത്തിലൂടെയാണ് ഭാസ്കരൻ മാഷിന്റെ വായനാ യാത്രയ്ക്ക് തുടക്കം കുറിച്ചത്. അന്ന് ഇരുപത്തിരണ്ടുകാരനായിരുന്ന മാഷ്, അതേ ആവേശത്തോടെയും സമർപ്പണത്തോടെയും ഇന്നും വായനയും പഠനവും തുടരുകയാണ്.
ഇരുപത്തിരണ്ടാം വയസ്സിൽ സൗജന്യ പി.എസ്.സി. ക്ലാസുകൾ ആരംഭിച്ച അദ്ദേഹം, അറുപത്തിയഞ്ചാം വയസ്സിലും അതേ സേവനം തുടരുന്നു എന്നത് തന്നെ അപൂർവ്വ മാതൃകയാണ്. 2003 മുതൽ സൗജന്യ ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകൾക്കായി 50-ലധികം ബ്ലോഗുകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
വേൾഡ് ക്ലാസിക്കുകളുടെ 400-ലധികം വിവർത്തനങ്ങൾ, ഇംഗ്ലീഷ് ഗ്രാമറുമായി ബന്ധപ്പെട്ട 100-ത്തിലധികം പുസ്തകങ്ങൾ, യുക്തിവാദം പ്രമേയമാക്കിയ 150-ലധികം ഗ്രന്ഥങ്ങൾ, ഇടതുപക്ഷ ചിന്താഗതിക്കാരായ സാഹിത്യകാരന്മാരുടെ സമ്പൂർണ്ണ കൃതിസമാഹാരങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലുണ്ട്.
ജി.യു.പി.എസ്. ഹോസ്ദുർഗ് കടപ്പുറം സ്കൂളിലെ പ്രഥമ അധ്യാപകനായ ഭാസ്കരൻ മാഷ്, അധ്യാപനത്തെ ഒരു തൊഴിൽമാത്രമല്ല, സാമൂഹിക ദൗത്യമായി കണ്ട വ്യക്തിത്വമാണ്. ഭാര്യ ഷൈനി ടി.സി. കാസർഗോഡ് കുടുംബ കോടതിയിലെ ക്ലർക്കാണ്. മതനിരപേക്ഷ ചിന്തയിൽ വളർന്ന രണ്ട് മക്കളുണ്ട്—
സലീൽ മാനവ് അധ്യാപക പരിശീലന വിദ്യാർത്ഥിയും, സഹേൽ മാനവ് പ്ലസ് ടു വിദ്യാർത്ഥിയുമാണ്.
വായനയെ ആയുധമാക്കി സമൂഹത്തെ ബോധവൽക്കരിക്കുന്ന ഈ ഗുരുവിന്റെ ജീവിതം, റിപ്പബ്ലിക് ദിനത്തിൽ പുതിയ തലമുറയ്ക്ക് നൽകുന്ന വലിയ പ്രചോദനമാണ്.
ഗാന്ധിജി മുതൽ ലോക ചരിത്ര വരെ അപൂർവ്വ പുസ്തക ശേഖരത്തിൻ്റെ കാവൽക്കാരൻ


