തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിൽ സെഷൻസ് കോടതിയെ സമീപിച്ചേക്കും. മൂന്നാമത്തെ ബലാത്സംഗപരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് യുവതി രാഹുലിനെതിരായ പരാതിയിൽ ഉയർത്തിയത്.
പ്രോസിക്യൂഷൻ്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷൻ്റെ ആവശ്യം പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലായിരുന്നു രാഹുൽ മാങ്കുട്ടത്തിൻ്റെ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച കോടതി പരിഗണിച്ചത്. രാഹുലിനെതിരെ നിരന്തരം പരാതികൾ ഉയരുകയാണ് എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ലൈംഗിക പീഡന പരാതിയിൽ മറ്റ് രണ്ട് കേസുകൾ നിലനിൽക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചിരുന്നു. രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദമാണ് കോടതിയിൽ നടന്നത്.എന്നാൽ കെട്ടിച്ചമച്ച കേസ് ആണെന്നും എല്ലാം പരസ്പര സമ്മതപ്രകാരമായിരുന്നു എന്നുമായിരുന്നു രാഹുലിൻ്റെ അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാറിൻ്റെ വാദം. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങളും ഓഡിയോ സന്ദേശങ്ങളും കോടതിയിൽ സമർപ്പിച്ചിരുന്നു. ജാമ്യം കിട്ടിയാൽ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് ഉൾപ്പെടെയുളള നടപടികളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി, ജാമ്യമില്ല


