രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്‌ടറിൻ്റെ ടയർ കോൺക്രീറ്റിൽ താഴ്ന്നു‌; പൊലീസും ഫയർഫോഴ്‌സും ചേർന്ന് തള്ളിനീക്കി

പത്തനംതിട്ട രാഷ്ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോൺക്രീറ്റ് ചെയ്‌ത ഹെലിപാഡിൽ താഴ്ന്നത്. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയുമെത്തി ഹെലികോപ്റ്റർ തള്ളി മാറ്റി. ഇന്നലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്. രാഷ്ട്രപതി എത്തുന്ന ഹെലികോപ്റ്റർ നിലയ്ക്കലിൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ അത് പിന്നീട് പ്രമാടത്തേയ്ക്ക് മാറ്റുകയായിരുന്നു.11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ദർശനത്തിനുശേഷം ഉച്ചയ്ക്ക് 12.20 ന് സന്നിധാനത്തെ ഗസ്റ്റ‌് ഹൗസിൽ എത്തി വിശ്രമിക്കും. രാത്രിയോടെ ഹെലികോപ്റ്റർ മാർഗം തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ രാഷ്ട്ര‌പതി പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല. ഒക്ടോബർ 24നാണ് രാഷ്ട്രപതി തിരിച്ച് ഡൽഹിയിലേക്ക് മടങ്ങുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top