ഇൻഫ്ളുവൻസർ ചിന്നു പാപ്പുവിൻ്റേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ, ഫോണുകൾ പരിശോധിക്കുന്നു

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ചിന്നു പാപ്പു എന്ന രേഷ്‌മ(25)യുടേത് തൂങ്ങി മരണമാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്‌ച ഉച്ചയോടെ കാസർകോട് ജനറൽ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്.
കഴുത്തിൽ ബെഡ്ഷീറ്റ് മുറുകിയതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. വിശദമായ പരിശോധനയ്ക്ക് ‘വിസിറ’ അയക്കും. അതു സംബന്ധിച്ച റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ
മരണകാരണം അന്തിമമായി സ്ഥിരീകരിക്കുവാൻ കഴിയുകയുള്ളൂ. മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. ആദൂർ, ആലന്തടുക്ക സ്വദേശിനിയായ രേഷ്‌മയെ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞാണ് കൂഡ്‌ലു ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്സ‌ിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടു ലക്ഷത്തോളം ഫോളോവേർസ് ഉള്ള ചിന്നു പാപ്പു എന്തിനാണ് ജീവനൊടുക്കിയതെന്നു വ്യക്തമല്ല. പ്രണയവിവാഹമായിരുന്നു രേഷ്‌മയുടേത്. ഈ ബന്ധത്തിൽ നാലു വയസ്സുള്ള ഒരു മകനുണ്ട്. അടുത്തിടെയാണ് വിവാഹ ബന്ധം നിയമപരമായി വേർപിരിഞ്ഞത്. അതിനു ശേഷം സന്ദേശ് എന്ന ആൺ സുഹൃത്തിനൊപ്പമാണ് രേഷ്‌മ താമസിച്ചിരുന്നതെന്നു പറയുന്നു.
രേഷ്‌മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി സന്ദേശിനെ കാസർകോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തുവരുന്നു. രേഷ്‌മയുടേയും സന്ദേശിൻ്റെയും മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരു ഫോണുകളും സൈബർ പരിശോധയ്ക്ക് വിധേയമാക്കും. ആത്മഹത്യയ്ക്ക് സന്ദേശിന്റെ ഏതെങ്കിലും തരത്തിലുള്ള പ്രേരണ ഉണ്ടായിരുന്നുവോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top