തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിൽ ഇരുന്ന് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ബിനു, സിപിഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എംഎസ്, മനോജ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്‌തു. വാഹനത്തിൽ ഉണ്ടായിരുന്ന ആറു പേരിൽ നാല് ഉദ്യോഗസ്ഥരാണ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നത്. എന്നാൽ ആറുപേരെയും സസ്പെൻഡ് ചെയ്‌തു. മദ്യപിച്ച് വാഹനമോടിച്ച ഗ്രേഡ് എസ്ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹമോടിച്ചതിനും കേസെടുക്കും.
കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ചായിരുന്നു ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പരസ്യമദ്യപാനം. കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ സൽക്കാരത്തിന് മുന്നോടിയായിട്ടായിരുന്നു മദ്യപാനം.വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവർ മദ്യപിക്കുന്നത് ലഭിച്ച ദൃശ്യത്തിൽ വ്യക്തമായിരുന്നു. മദ്യപിച്ച ശേഷം ഇതേ വാഹനത്തിലാണ് ഇവർ വിവാഹ സൽക്കാരത്തിനായി പോയത്. മദ്യപാനത്തിനും വിവാഹസൽക്കാരത്തിനും ശേഷം വീണ്ടും ഇവർ ഡ്യൂട്ടിയിൽ പ്രവേശിച്ചുവെന്ന് വീഡിയോ പകർത്തിയ ദൃക്‌സാക്ഷി പറഞ്ഞു.
പരസ്യമദ്യപാനത്തിൽ കൂട്ടനടപടി; 6 പൊലീസ് ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ


