കാസർകോട്: കാസർകോട്- മംഗ്ളൂരു ദേശീയപാതയിലെ കുമ്പള ടോൾ പ്ലാസയിലെ ടോൾ പിരിവിനെതിരെ ബുധനാഴ്ച രാത്രി എട്ടരയോടെ ഉണ്ടായ സംഘർഷത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. കണ്ടാൽ അറിയാവുന്ന 500 പേർക്കെതിരെയാണ് കേസ്. ടോൾ പിരിവിനെതിരെ ടോൾ വിരുദ്ധ സംയുക്ത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദൻ സ്വമേധയാ കേസെടുത്തത്.
അതേസമയം സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി ചെയർമാൻ എ കെ എം അഷ്റഫ് എം എൽ എയ്ക്ക് പൊലീസ് നോട്ടീസ് നൽകുമെന്ന് അറിയുന്നു. എന്നാൽ നോട്ടീസ് കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ സമരപന്തലിൽ തന്നെ യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും എം എൽ എ പറഞ്ഞു.
ബുധനാഴ്ച രാത്രി ഉണ്ടായ സംഘർഷത്തിനു ശേഷം സമരപന്തലിൽ നിന്നു പ്രതിഷേധക്കാരെല്ലാം ഒഴിഞ്ഞു പോയിരുന്നു വ്യാഴാഴ്ച രാവിലെ എം എൽ എ ഉൾപ്പെടെ ഉള്ളവർ സമര പന്തലിൽ എത്തിയിട്ടുണ്ട്. എന്നാൽ ടോൾ ബൂത്തിലെ ജീവനക്കാർ എത്തിയിട്ടില്ല.
ബുധനാഴ്ച രാത്രി ഉണ്ടായ പ്രതിഷേധത്തിലും അക്രമത്തിലും ടോൾ ബൂത്തിൻ്റെ ചില്ലുകൾ തകരുകയും ക്യാമറകൾ നശിപ്പിക്കുകയും സ്‌കാനറുകൾ കറുത്ത തുണി കൊണ്ടു മൂടുകയും പ്ലാസ്റ്റിക് സ്റ്റിക്കറുൾ കൊണ്ട് കവർ ചെയ്യുകയും ചെയ്തിരുന്നു. ടോൾ ഗേറ്റും തകർന്നു.
സംഘർഷം അനിയന്ത്രിതമായിക്കൊണ്ടിരിക്കെ സമരം നിറുത്തിവയ്ക്കുകയാണെന്നും ടോൾ ബൂത്ത് പരിസരത്തു തടിച്ചു കൂടിയവർ സ്വയം പിരിഞ്ഞു പോകണമെന്നും സമരനായകനായ എം എൽ എ അഷ്റഫ് ആൾക്കൂട്ടത്തോട് ആഹ്വാനം ചെയ്‌തിരുന്നു. സമരം തകർക്കാൻ പ്രതിഷേധത്തിനിടയിൽ ചിലർ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും പറയുന്നുണ്ടായിരുന്നു.
കുമ്പള ടോൾപ്ലാസയിലെ സംഘർഷം: 500 പേർക്കെതിരെ കേസ്; എ കെ എം അഷ്റഫ് എം എൽ എയ്ക്ക് പൊലീസ് നോട്ടീസ്


