വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നൽകി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേരെ കൂടി കോഴിക്കോട് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കാസർക്കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ രണ്ടു പേർ ഇന്നലെ പിടിയിലായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 16കാരിയെ പന്തീരാങ്കാവിലെ ഫ്ലാറ്റിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണ് പെരിന്തൽമണ്ണ സ്വദേശിയായ 16 കാരി. ബസ് കയറി നേരെയെത്തിയത് കോഴിക്കോട് നഗരത്തിലായിരുന്നു. ബീച്ചിൽ വെച്ച് പിറ്റേന്ന് പുലർച്ചെ പ്രതികളായ മുഹമ്മദ് ഷമീമിനേയും, മുഹമ്മദ് റയീസിനേയും പരിചയപ്പെട്ടു. ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇവർ സുഹൃത്തുക്കളായ മുഖ്യ പ്രതികളുടെ പന്തീരാങ്കാവിലെ ഫ്ലാറ്റിലേക്ക് പെൺകുട്ടിയെ കൊണ്ടു പോയത്. അവിടെ വെച്ച് മുഖ്യപ്രതികളായ പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹും, ഷബീർ അലിയും ചേർന്ന് പെൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. 22ന് അർധരാത്രിയോടെ പെൺകുട്ടിയെ ബീച്ചിൽ കൊണ്ടു വിട്ട ശേഷം മുഹമ്മദ് ഷമീമും മുഹമ്മദ് റയീസും മുങ്ങി. വനിതാ പൊലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയതോടെ പ്രതികൾക്കായി അന്വേഷണം തുടങ്ങി.
പെൺകുട്ടി നൽകിയ വിവരമനുസരിച്ച് ഫ്ലാറ്റ് തിരിച്ചറിഞ്ഞ പൊലീസ് പ്രധാന പ്രതികളായ മുഹമ്മദ് സാലിഹിനേയും, ഷബീർ അലിയേയും ഇന്നലെ തന്നെ അറസ്റ്റ് ചെയ്‌തു. പന്തിരിക്കര സ്വദേശിയായ ഇർഷാദിനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് സ്വാലിഹ്. ഇവരിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാസർക്കോട് സ്വദേശികളായ മുഹമ്മദ് ഷമീമും, മുഹമ്മദ് റയീസും അറസ്റ്റിലായത്. ജോലി തേടി കോഴിക്കോടെത്തിയ ഇരുവരും സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് പെൺകുട്ടിയെ മുഖ്യപ്രതികൾക്ക് എത്തിച്ചു കൊടുത്തതെന്ന് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയെ പൊലീസ് ബന്ധുക്കൾക്ക് കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top