കുളത്തൂപ്പുഴ(കൊല്ലം): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് പോലീസ് പിടിയിൽ. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ആറ്റരികത്ത് പുത്തൻവീട്ടിൽ സനോജ് (23) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്
ഒരുവർഷം മുൻപ് സനോജിൽനിന്നു പീഡനത്തിനിരയായ പെൺകുട്ടിയെ സിഡബ്ല്യുസി സംരക്ഷണയിൽ പാർപ്പിച്ചിരുന്നു. അവിടെനിന്നു കടത്തിക്കൊണ്ടു വന്നാണ്, ജയിൽവാസം കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും പീഡിപ്പിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ് മൂന്നുമാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇതോടെ കുളത്തൂപ്പുഴ പോലീസിനു വിവരങ്ങൾ കൈമാറി. പീഡനത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഒരുമാസത്തിനുശേഷം ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽനിന്നാണ് കുളത്തൂപ്പുഴ ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
മുൻപും സമാനമായ കേസിൽ പ്രതിയായിട്ടുള്ള ആളാണ് സനോജെന്ന് കുളത്തൂപ്പുഴ പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.