തളിപ്പറമ്പ് : ഗൂഗിൾ മാപ്പ് നോക്കി ആശുപത്രിയിലേക്കുപോയി കാട്ടിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. തൃശൂർ സ്വദേശിയായ അലൻ വർഗീസിൻ്റെ വാഹനമാണ് കാട്ടിൽ കുടുങ്ങിയത്.ജോലി സംബന്ധമായ ആവശ്യത്തിന് കണ്ണൂരിലെത്തിയ സംഘത്തിലെ ഒരാൾക്ക് സുഖമില്ലാതാകുകയായിരുന്നു. കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് പോകാൻ ഗൂഗിൾ മാപ്പിൻ്റെ സഹായം തേടുകയായിരുന്നു.കാടുനിറഞ്ഞ് ഇടുങ്ങിയ, വാഹനങ്ങൾകടന്നുപോകാത്ത കുഞ്ഞൻചാൽ ഭാഗത്തു കൂടിയുള്ള വഴിയാണ് ഗൂഗിൾ മാപ്പ് കാണിച്ചത്. ഇതുവഴി പോയ ജീപ്പ് ചെറിയ താഴ്ചയിലേക്ക് ചെരിഞ്ഞ് കുടുങ്ങി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് തളിപ്പറമ്പിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെയും സഹായത്തോടെ വാഹനം വലിച്ചുകയറ്റി. സീനിയർ ഫയർ റെസ്ക്യു ഓഫിസർ ഇൻചാർജ് അനുരൂപിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഗൂഗിൾ മാപ്പിട്ട് ആശുപത്രിയിലേക്ക് പോയവർ എത്തിയത് കാട്ടിൽ; അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു


