അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ പ്രവൃത്തികൾ പുരോഗമിക്കുന്നു. സ്റ്റേഷന്റെ മുഖഛായ മാറുന്ന വൻ വികസന പ്രവൃത്തികളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പഴയ കെട്ടിടത്തിന്റെ നവീകരണവും പുതിയ നിർമാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്.
32കോടി 20 ലക്ഷം ചെലവിൽ
:പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ പഴയമുഖം ആകെ മാറിക്കഴിഞ്ഞു. 32 കോടി 20 ലക്ഷം രൂപ ചെലവിലാണ് അമൃത് ഭാരത് പദ്ധതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. പാർക്കിങ് സൗകര്യ വികസനം, കൗണ്ടറുകൾ, ബുക്കിങ് ഓഫീസ്, ദീപസംവിധാനങ്ങൾ, ശുചിമുറികൾ, വിശ്രമസൗകര്യങ്ങൾ, ഷോപ്പിങ് സൗകര്യങ്ങൾ, ലിഫ്റ്റുകൾ, എക്സലേറ്റർ, പ്ലാറ്റ്ഫോമുകളിൽ കാലാവസ്ഥയെ പ്രതിരോധിക്കുന്ന മേൽക്കൂരകൾ തുടങ്ങിയവയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു
പാർക്കിങ് സൗകര്യം വിപുലം
:രണ്ടായിരത്തോളം ഇരുചക്രവാഹനങ്ങൾക്കും അഞ്ഞൂറോളം കാറുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. സ്റ്റേഷന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് പാർക്കിങ് സംവിധാനം. പടിഞ്ഞാറുഭാഗത്ത് പുതിയ പാർക്കിങ് ആരംഭിച്ചുകഴിഞ്ഞു. കിഴക്കുഭാഗത്തെ പാർക്കിങ് സംവിധാനം ഒരുങ്ങിവരുന്നു. ലിഫ്റ്റുകളുടെയും പ്ലാറ്റ്ഫോമുകൾക്ക് മുകളിലെ മേൽക്കൂരകളുടെയും നിർമാണം പുരോഗമിക്കുന്നു.
റോഡും മാറ്റിപ്പണിയുന്നു
:പയ്യന്നൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ നിലവിലുള്ള റോഡ് പാർക്കിങ് ഏരിയയുടെ പടിഞ്ഞാറുഭാഗത്തുകൂടി മാറ്റിനിർമിക്കുന്ന പ്രവൃത്തികളും നടക്കുന്നു. ഇതിനായി പുതിയ റോഡും നിർമിക്കുന്നു