കൊച്ചി: പാലിയേക്കര ടോളിൽ വാഹനങ്ങളുടെ നിര 100 മീറ്ററിലധികം നീണ്ടാൽ ടോൾ പിരിവ് ഒഴിവാക്കി വാഹനങ്ങൾ കടത്തിവിടണമെന്ന നിർദേശം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി 2021-ൽ പ്രഖ്യാപിച്ച മാർഗ നിർദേശം പാലിക്കണമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. പൊതുപ്രവർത്തകനായ ഒ.ജെ. ജെനീഷ് അഡ്വ. ശ്രീലക്ഷ്മി സാബു വഴി ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
വാഹനങ്ങൾ 10 സെക്കൻഡിനുള്ളിൽ ടോൾ കടന്നു പോകുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് മാർഗ നിർദേശത്തിൽ പറയുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ദേശീയപാത അതോറിറ്റി ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
ഇല്ലെങ്കിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതിൽ സത്യവാങ്മൂലം നൽകണം. ഹർജി മേയ് 21-ന് വീണ്ടും പരിഗണിക്കും