ഊട്ടി: ഊട്ടിയിൽ വീണ്ടും മഞ്ഞുവീഴ്ച. കഴിഞ്ഞ 4 ദിവസങ്ങളായി വീണ്ടും അതിശൈത്യമാണ് ഊട്ടിയിൽ. പകൽ നല്ല ചൂടും രാത്രിയിൽ തണുപ്പും അതിരാവിലെ അതിശൈത്യവുമാണ്. കുതിരപ്പന്തയമൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, കാന്തൽ, തലൈക്കുന്ത തുടങ്ങിയ താഴ്ന്ന സ്ഥലങ്ങളിലാണു മഞ്ഞുവീഴ്ച കൂടുതൽ കാണപ്പെടുന്നത്. സാധാരണയായി ഡിസംബറിൽ ആരംഭിച്ച് ജനുവരി അവസാനമാവുമ്പോഴേക്കും മഞ്ഞുവീഴ്ച കുറയാറാണു പതിവ്.
ജനുവരി 3നു പൂജ്യം ഡിഗ്രിയും 4നു മൈനസ്– 1 ഡിഗ്രിയും ആയിരുന്നു ഊട്ടിയിലെ കുറഞ്ഞ താപനില. മഞ്ഞുവീഴ്ചയുടെ കാഠിന്യം വീണ്ടും കൂടി. ശനിയാഴ്ച രാവിലെ തലൈക്കുന്തയിൽ കുറഞ്ഞ താപനില ഒരു ഡിഗ്രിയിൽ എത്തിയിരുന്നു. മഞ്ഞുവീഴ്ച ഏതാനും നാളുകൾ കൂടി തുടരാനാണു സാധ്യത.