റോഡ് ഷോ ഇനിയില്ല; വിജയ്‌യുടെ പ്രചാരണത്തിന് ഹെലികോപ്റ്റർവാങ്ങാൻ ടിവികെ

ചെന്നൈ: കരൂരിൽ വിജയ്‌യുടെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച പശ്ചാത്തലത്തിൽ പാർട്ടി പ്രചരണത്തിന് ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നീക്കം തുടങ്ങി.ബെംഗളൂരു അസ്ഥാനമായ കമ്പനിയിൽ നിന്ന് നാലു ഹെലികോപ്റ്ററുകളാണു വാങ്ങുന്നത്. സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും.
സമ്മേളനം തുടങ്ങുന്നതിനു 15 മിനിറ്റ് മുൻപ് മാത്രമേ വിജയ് എത്തൂ. മുൻ മുഖ്യമന്ത്രി ജയലളിത നേരത്തെ ഹെലികോപ്റ്ററുകളിൽ പര്യാടനം നടത്തിയതു വിജയമായിരുന്നു. എന്നാൽ ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്കയും ചില പാർട്ടി നേതാക്കൾക്കുണ്ട്.സെപ്റ്റംബർ 27നായിരുന്നു കരൂരിൽ വിജയ്‌യുടെ റാലി ദുരന്തത്തിൽ കലാശിച്ചത്. ശനിയാഴ്ച തോറും ടിവികെ വിജയ്‌യുടെ റാലി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിൽ സെപ്റ്റംബർ 27 ശനിയാഴ്‌ച കരൂർ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയായിരുന്നു അപകടം വരുത്തിവെച്ചത്. വിജയയെ കാണാൻ രാവിലെ മുതൽ വലിയ ജനക്കൂട്ടം വേലുചാമിപുരത്ത് തമ്പടിച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്കാണ് വിജയ് പരിപാടിക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ ആറ് മണിക്കൂർ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്. ഇതിനകം തന്നെ ആളുകൾ തളർന്നുതുടങ്ങി. വിജയ് പ്രസംഗിച്ച് തുടങ്ങിയതോടെ ആളുകൾ കുഴഞ്ഞുവീണു. തുടർന്ന് വിജയ് പ്രസംഗം അവസാനിപ്പിക്കുകയും ആളുകൾക്ക് കുപ്പി വെള്ളം എറിഞ്ഞുനൽകുകയും ചെയ്തു.ഇതോടെ ആളുകൾ കുപ്പിവെള്ളം പിടിക്കാൻ തിരക്ക് കൂട്ടുകയും തിക്കിലും തിരക്കിലുംപെടുകയുമായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ വിജയ് സ്ഥലത്തുനിന്ന് മാറി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവർത്തകരും പൊലീസും ചേർന്ന് കുഴഞ്ഞുവീണവരെ കരൂർ മെഡിക്കൽ കോളേജിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആദ്യ ദിവസം 38പേരാണ് മരിച്ചത്. ഈ സമയം കരൂർ എംഎൽഎ സെന്തിൽ ബാലാജിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവർ ആശുപത്രിയിലെത്തി.
തൊട്ടടുത്ത ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സ്ഥലത്തെത്തി. ഈ സമയം വിജയ് ചെന്നൈയിലെ വീട്ടിൽ എത്തിയിരുന്നു. ‘ഹൃദയം തർന്നിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ഒരു എക്സ് പോസ്റ്റും പങ്കുവെച്ചിരുന്നു. അപകടം നടന്ന് തൊട്ടടുത്ത ദിവസമായ ഞായറാഴ്ച മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ 41 പേരുടെ മരണം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ വിജയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top