അടുത്തകാലത്തായി ഹൃദയാഘാതം മൂലം യുവാക്കൾ കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന ഐസിഎംആറിൻ്റെ പഠനത്തെ സംസ്ഥാന ആരോഗ്യവകുപ്പ് ശരിവച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി വഴി ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) നടത്തിയ പഠനം ആധികാരികമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പും അത് ശരിവെക്കുന്നത്. എന്നാൽ നേരത്തെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന യുവാക്കളിലും കുട്ടികളിലും കോവിഡിനുശേഷം ഹൃദയസ്‌തംഭനം, മറ്റു ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, രക്താതിസമ്മർദം എന്നിവ കൂടിയിട്ടുണ്ടെന്ന് ഡൽഹി എയിംസിൻ്റെയും മറ്റും പഠനങ്ങളുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. വാക്‌സിൻ വരുന്നതിനു മുമ്പ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പെട്ടെന്നുള്ള മരണസാധ്യത നാലിരട്ടിയായിരുന്നു. വാക്‌സിൻ്റെ രണ്ടുഡോസ് സ്വീകരിച്ചത് മരണസാധ്യത കുറച്ചുവെന്നാണ് ഐസിഎംആർ പഠനം. ജനിതക കാരണങ്ങൾ, മദ്യപാനം, ആയാസകരമായ വ്യായാമങ്ങൾ, ജീവിതശൈലി, കോവിഡാനന്തര സങ്കീർണതകൾ തുടങ്ങിയവയൊക്കെയാണ് യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന് കാരണങ്ങളെന്നാണ് നിഗമനം. 45 വയസ്സുവരെ പ്രായമുള്ളവരിൽ രണ്ടു പഠനങ്ങൾ ഐസിഎംആർ നടത്തി. 19 സംസ്ഥാനങ്ങളിലെ 47 ആശുപത്രികളിലെ രോഗികളിലാണ് പഠനം നടന്നത്. അകാലമരണം സംഭവിച്ച 726 പേരുടെ വിവരങ്ങളാണ് ആദ്യം വിശകലനം ചെയ്‌തത്. നിയന്ത്രണമില്ലാത്ത പുകവലി, ഒന്നിലധികം രോഗങ്ങൾ എന്നിവയൊക്കെയാണ് ഈ വിഭാഗത്തിലുള്ളവരെ മരണത്തിലേക്ക് നയിച്ചതെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു.-
ഹൃദയാഘാത മരണങ്ങൾക്ക് കോവിഡ് വാക്‌സിനുമായി ബന്ധമില്ല; ഐസിഎംആറിൻ്റെ പഠനം ശരിവെച്ച് സംസ്ഥാന ആരോഗ്യവകുപ്പും


