മുരാരി ബാബുവിന് ഇ.ഡി പരീക്ഷ; കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തു വന്നദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ എൻഫോഴ്സസ്മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. ഇ.ഡിയുടെ കൊച്ചി ഓഫിസിലാണ് ഇന്നു രാവിലെ 10 മണിയോടെ മുരാരി ബാബു ഹാജരായത്. നേരത്തെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുരാരി ബാബുവിന് ഇ.ഡി സമൻസ് നൽകിയിരുന്നു.മുരാരി ബാബുവിന് പിന്നാലെ സ്വർണക്കൊള്ള കേസിൽ ജാമ്യം നേടി പുറത്തു വന്ന മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാർ തുടങ്ങിയവരേയും ഇ.ഡി ചോദ്യം ചെയ്തേക്കും. ഇവർക്കും ഇ.ഡി സമൻസ് നൽകിയതായാണ് വിവരം.ഹൈക്കോടതി മേൽനോട്ടത്തിൽ എസ്‌ഐടി റജിസ്റ്റർ ചെയ്ത അന്വേഷിക്കുന്ന കേസുകളിലാണ് 3 പേർക്ക് ഇതുവരെ ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതിനാൽ 3 പേർക്കും സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. ശബരിമല തന്ത്രി കണ്ഠരര് രാജീവര്, കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി തുടങ്ങി കേസിൽ അറസ്‌റ്റിലായ 9 പേരും വൈകാതെ ജാമ്യം ലഭിച്ച് പുറത്തുവരാൻ സാധ്യതയുണ്ട്. ഇവർക്കും സമൻസ് നൽകി ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കും. നേരത്തെ, എസ്ഐടി കേസുമായി ബന്ധപ്പെട്ട്
ശേഖരിച്ച രേഖകളും മൊഴിപ്പകർപ്പുകളും കോടതി അനുമതിയോടെ ഇ.ഡി ശേഖരിച്ചിരുന്നു. ഇതിൻ്റെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുക.ശബരിമല ദ്വാരപാലക കട്ടിളപാളി സ്വർണക്കൊള്ള കേസുകളിലാണ് ഇ.ഡി മുരാരി ബാബുവിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 22നാണ് മുരാരി ബാബു അറസ്‌റ്റിലായത്‌. ദ്വാരപാലക വിഗ്രഹപാളികൾ, പീഠങ്ങൾ, ശ്രീകോവിലിന്റെ വാതിൽ ഫ്രെയിം പാനലുകൾ എന്നിവയുൾപ്പെടെ സ്വർണപ്പാളികൾ പൊതിഞ്ഞവ ചെമ്പു തകിടുകളാണെന്ന് രേഖപ്പെടുത്തിയതിൽ മുരാരി ബാബു മനഃപൂർവം വീഴ്‌ച വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇതിൻ്റെ തുടർച്ചയായി ഇ.ഡി നടത്തുന്ന പരിശോധന ക്രമക്കേട് വഴിയുണ്ടാക്കിയ പണം സംബന്ധിച്ചാണ്. ഈ പണം ഉപയോഗിച്ച് ഉണ്ടാക്കിയ സ്വത്തുക്കൾ പിന്നീട് കണ്ടെത്തുകയാണ് ഇ.ഡി നടപടി ക്രമങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top