കാസർകോട്: ഫോൺവിളിക്കിടെ ശല്യംചെയ്തതിന് അമ്മ മകൻ്റെ ദേഹത്ത് പൊള്ളലേൽപ്പിച്ചതായി പരാതി. കാസർകോട് ബേക്കലിലാണ് സംഭവം. മകനെ ഉപദ്രവിച്ചതിന് പിന്നാലെ ഭാര്യയെ വീട്ടിൽനിന്ന് കാണാതായെന്നും ഭർത്താവിന്റെ പരാതിയിലുണ്ട്.
അമ്മയുടെ വീഡിയോകോൾ ചോദ്യംചെയ്തതിന്റെ ദേഷ്യത്തിലാണ് പത്തുവയസ്സുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളലേൽപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയെ ഉപദ്രവിച്ചശേഷം അമ്മയെ വീട്ടിൽനിന്ന് കാണാതായി. ഇവർ ആൺസുഹൃത്തിനൊപ്പം പോയെന്നാണ് നിഗമനം.
ബേക്കൽ പള്ളിക്കര കീക്കാനം സ്വദേശിയാണ് ഭാര്യ മകനെ പൊള്ളലേൽപ്പിച്ചെന്നും ഇതിനുപിന്നാലെ ഭാര്യയെ കാണാതായെന്നും പറഞ്ഞ് ബേക്കൽ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഭാരതീയ ന്യായസംഹിത, ബാലനീതി വകുപ്പുകൾ പ്രകാരം യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റർചെയ്തു. ചൈൽഡ്ലൈനും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്