പയ്യന്നൂർ: മാടായിക്കാവിൽ വഴിപാടിൻ്റെ വ്യാജ രശീതി ഉപയോഗിച്ച് പണം തട്ടിയെടുത്ത ജീവനക്കാരന് സസ്പെൻഷൻ. മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) മാടായി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എ.വി. അനീഷ് എന്ന മണി(45) ആണ് കാവിൽ തട്ടിപ്പ് നടത്തിയത്. കാവിലെ കൗണ്ടർ ണ്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനാണ് ഇയാൾ. തിങ്കളാഴ്‌ച ക്ഷേത്രദർശനത്തിനെത്തിയ കർണാടക സ്വദേശിക്ക് നൽകിയ വഴിപാട് രശീതിയുടെ വ്യാജപ്പകർപ്പ് മറ്റൊരാൾക്ക് രശീതിയായി നൽകി പണം കീശയിലാക്കുകയായിരുന്നു. കർണാടക സ്വദേശിക്ക് നൽകിയ രശീതിയുടെ പകർപ്പെടുക്കുകയും പേര് വൈറ്റ്നർ ഉപ യോഗിച്ച് മായ്ക്കുകയും ചെയ്‌ത ശേഷമായിരുന്നു തട്ടിപ്പ്. സംശയം തോന്നിയ പൂജാരി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തുകയായിരുന്നു. 300 രൂപയുടെ നാല് വ്യാജരശീതിയാണ് കണ്ടെത്തിയത്. വാദ്യകലാകാരനായ അനീഷിന് അടുത്ത കാലത്താണ് കൗണ്ടർ ഡ്യൂട്ടിയിൽ സ്ഥാനക്കയറ്റം ലഭിച്ചത്. ഈ തട്ടിപ്പ് നടത്തുന്നത് എത്രകാലമായെന്ന് കൂടുതൽ അന്വേഷണത്തിൽ കൂടി മാത്രമെ അറിയാനാകൂ എന്ന് അധികൃതർ പറഞ്ഞു. ക്ഷേത്രപാലകന് ചാർത്തിയ സ്വർണമാല കാണാതായ സംഭവം ഇവിടെയുണ്ടായിട്ടണ്ട്. ഈ സംഭവത്തിൽ രണ്ട് ജീവനക്കാർ സസ്പെൻഷനിലാണ്. ഭണ്ഡാരത്തിലെ തുക എണ്ണിത്തിട്ടപ്പെടുത്തുന്ന വേളയിൽ പണം കവരാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഒരാൾ ശിക്ഷാനടപടിക്ക് വിധേയനായതും സമീപകാലത്താണ്. സംസ്ഥാനത്തുനിന്നും കർണാടകയിൽ നിന്നും നൂറുകണത്തിന് ഭക്തർ ഇവിടെ സ്ഥിരം എത്തുന്നുണ്ട്.
മാടായിക്കാവിൽ വഴിപാടിൻ്റെ വ്യാജ രശീതി ഉപയോഗിച്ച് പണം തട്ടിയെടുത്തു; ജീവനക്കാരന് സസ്പെൻഷൻ


