സജി ചെറിയാൻ്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടൻ; പാട്ടിലൂടെ മറുപടിയെന്ന് പ്രതികരണം

കൊച്ചി: വേടന് പോലും അവാർഡ് നൽകിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടൻ. അതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും അക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും വേടൻ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വേടനെപ്പോലും തങ്ങൾ അവാർഡിനായി സ്വീകരിച്ചുവെന്ന മന്ത്രിയുടെ പരാമർശം.
തനിക്ക് അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാർഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. താൻ ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമല്ലെന്നും വേടൻ പറഞ്ഞു. തുടർച്ചയായ കേസുകൾ ജോലിയെ ബാധിച്ചുവെന്നും വേടൻ പറഞ്ഞു. വ്യക്തിജീവിതത്തിൽ കുറച്ചുകൂടി ജാഗ്രത പുലർത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവ് ഉണ്ടെന്നും വേടൻ പറഞ്ഞു.’വേടന് പോലും’ എന്ന പരാമർശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. പോലും എന്ന വാക്ക് വളച്ചൊടിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. വേടൻ്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചത്. ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയതിനാലാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം വേടന് ലഭിച്ചത്. ലൈംഗികപീഡനം കേസുകൾ നേരിടുന്നയാൾക്ക് സംസ്ഥാനപുരസ്‌കാരം നൽകുന്നത് ഉചിതമല്ലെന്ന വിമർശനം ഉയർന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top