കാസർകോട്: കാറിൽ കടത്തുകയായിരുന്ന 49.14 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. കല്ലക്കട്ട സ്വദേശിയും ബേള, കൊല്ലങ്കാനയിൽ താമസക്കാരനുമായ ബി മുഹമ്മദ് റഫീഖി (39)നെയാണ് കാസർകോട് ടൗൺ എസ്ഐ സിആർ മൗഷ്മിയും സംഘവും പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം 6.15 മണിയോടെ കാസർകോട് ഗവ. കോളേജിനു മുന്നിൽ വിദ്യാനഗറിലാണ് മയക്കുമരുന്നു വേട്ട നടത്തിയത്. സർവ്വീസ് റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയത്ത് കാസർകോട് ടൗൺ ഭാഗത്തു നിന്നു എത്തിയ സ്വിഫ്റ്റ് കാറിനു എസ്ഐ കൈകാണിച്ചു. വേഗത കുറച്ച ശേഷം പെട്ടന്ന് വേഗത കൂട്ടിയ കാർ മുന്നോട്ടു കുതിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നി കാറിനെ പിൻതുടർന്ന് പൊലീസ് വാഹനം കാറിനു കുറുകെ ഇട്ടാണ് തടഞ്ഞു നിർത്തിയത്. വിശദമായ പരിശോധനയിൽ ഡ്രൈവർ സീറ്റിൻ്റെ അടിയിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്നു കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. കാറിൻ്റെ മുൻസീറ്റിൽ മംഗ്ളൂരു സ്വദേശിനിയായ 23കാരിയും രണ്ടു കുട്ടികളും ഉണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവാവിൻ്റെ ബന്ധുവാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.


