വീടു കുത്തിത്തുറന്ന് 10 പവൻ സ്വർണ്ണവും 10,000 രൂപയും കവർന്ന കേസ്; വിവാഹ തട്ടിപ്പ് വീരനായ നവാസ് അറസ്റ്റിൽ

കണ്ണൂർ:മട്ടന്നൂരിൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ്റെ ആഭരണങ്ങളും 10,000രൂപയും കവർച്ച ചെയ്ത കേസിൽ മധ്യവയസ്ക‌ൻ അറസ്റ്റിൽ. കൊല്ലം സ്വദേശിയും പാലക്കാട് അലനെല്ലൂർ വട്ടമനപുരത്ത് താമസക്കാരനുമായ കൊളത്തനോടൻ ഹൗസിൽ എം. നവാസ് (55) ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എ.സി.പി: എം.പി ആസാദിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ മട്ടന്നൂർ എസ്.ഐ സി.പി ലിനേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
എടയന്നൂർ തെരൂർ പൗർണമിയിലെ ടി. നാരായണൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. 21ന് രാവിലെ വീട് പൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോയ നാരായണനും കുടുംബവും 28ന് വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് പൊലീസിന് കവർച്ചക്കാരനെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ജൂലായിൽ മലപ്പുറം കാളികാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പള്ളിയിൽ കയറി 80,000രൂപ കവർച്ച ചെയ്‌ത കേസിൽ ഇയാൾ അവിടെ പിടിയിലായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു. ഈ കേസിൽ സപ്‌തംബറിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു. വിവാഹത്തട്ടിപ്പ് വീരൻകൂടിയാണ് നവാസ്. കൊല്ലത്ത് നിന്ന് ഉരുവച്ചാലിൽ എത്തി അവിടെ ഒരു സ്ത്രീയെ വിവാഹം കഴിച്ച് ഏറെക്കാലം താമസിച്ചിരുന്നു. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്. പിന്നീട് അവിടെ നിന്ന് അഞ്ച് വർഷം മുമ്പ് മുങ്ങുകയായിരുന്നു. നേരെ പാലക്കാടെത്തി അവിടെ വിവാഹം കഴിച്ച് കുറേക്കാലം താമസമാക്കി. തുടർന്നാണ് മലപ്പുറം കാളികാവിൽ എത്തി അവിടെ പരിചയപ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ചത്. ഏഴ് മാസത്തോളം അവിടെ താമസിക്കുന്നതിനിടെയാണ് കാളികാവ് പള്ളിയിൽ കവർച്ച നടത്തിയതും പൊലീസിൻ്റെ പിടിയിലാവുകയും ചെയ്തത്. ജാമ്യത്തിലിറങ്ങിയശേഷം മട്ടന്നൂരിൽ എത്തി കവർച്ച നടത്തുകയായിരുന്നു. കവർച്ചക്കുശേഷം കർണ്ണാടക ഭാഗത്തേക്കാണ് ഇയാൾ മുങ്ങിയതെന്നാണ് സൂചന. പൊലീസ് നവാസിനായി വലവിരിച്ചിരിക്കെ വ്യാഴാഴ്‌ച പുലർച്ചെ മൈസൂരിവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നവാസ് ഉണ്ടെന്ന സൂചന ലഭിച്ചു. മാനന്തവാടിയിൽ ബസ് തടഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് വിശദമായി ചോദ്യംചെയ്‌തശേഷം ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
എ.എസ്.ഐ: ജോബി, സി.പി.ഒമാരായ രതീഷ്, ഷംസീർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top