ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം മനോലോ മാർക്വേസ് രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. എ എഫ് സി ഏഷ്യൻ കപ്പിൽ ഹോങ്കോങ്ങിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് മാർക്വേസ് രാജിസന്നദ്ധത അറിയിച്ചെതെന്നാണ് സൂചന. മാർക്വേസ് ചുമതലയേറ്റ് പതിനൊന്ന് മാസത്തിനിടെ കളിച്ച പതിനാറ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് വിജയിക്കാൻ കഴിഞ്ഞത്. നാളെ എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാൺ ചൗബേ മാധ്യമങ്ങളെ കാണും. മാർക്വേസിന്റെ രാജിയുടെ കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചനകൾ.
ചൊവ്വാഴ്ച ഹോങ്കോങ്ങിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യൻ ടീം പരാജയപ്പെട്ടത്. ഇതോടെ 2027ലെ എ എഫ് സി ഏഷ്യാ കപ്പ് ഫുട്ബോളിൽ യോഗ്യത നേടാമെന്ന ഇന്ത്യൻ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റിരുന്നു. ഇനിയുള്ള നാല് യോഗ്യതാ മത്സരങ്ങളും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ സാധിക്കൂ. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം സുനിൽ ഛേത്രിയെ കളിപ്പിക്കാതിരുന്ന മാര്‍ക്വേസിന്റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. 58-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ ഛേത്രിയ്ക്ക് ഇന്ത്യൻ ടീമിനെ വിജയിപ്പിക്കാൻ സാധിച്ചില്ല.
അതിനിടെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം കല്യാൺ ചൗബേ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ താരം ബൈച്ചൂങ് ബൂട്ടിയ രംഗത്തെത്തിയിരുന്നു. എ ഐ എഫ് എഫിന് ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് പദ്ധതികളോ തീരുമാനങ്ങളോ ഇല്ലെന്നാണ് ബൂട്ടിയയുടെ വിമർശനം. ‘ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് 2,500 രൂപ ദിവസവേതനം പോലും ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ക്രിക്കറ്റ് താരങ്ങളെപ്പോലെ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് സെൻട്രൽ കോൺട്രാക്റ്റുകളില്ല. അവർക്ക് ലക്ഷങ്ങളോ കോടികളോ വരുമാനമില്ല. ദിവസേനയുള്ള പ്രതിഫലം മാത്രമാണ് താരങ്ങളുടെ ആശ്രയം,’ ബൂട്ടിയ ചൂണ്ടിക്കാട്ടി
‘ഈയിടയ്ക്ക് എ എഫ് സി യോഗ്യത റൗണ്ടിൽ ഹോങ്കോങ്ങിനെതിരായ മത്സരം വിജയിച്ചാൽ ഓരോ താരങ്ങൾക്കും 50,000 രൂപ പ്രതിഫലം നൽകാമെന്ന് എ ഐ എഫ് എഫ് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്ര വേഗത്തിൽ ഈ തുക എങ്ങനെ കണ്ടെത്തും. അടുത്ത മത്സരങ്ങളിലും ഇന്ത്യൻ ടീം വിജയിച്ചാൽ ഈ തുക നൽകുമോ? ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് എ ഐ എഫ് എഫിന് പദ്ധതികളോ തീരുമാനങ്ങളോ ഇല്ല,’ ബൂട്ടിയ കൂട്ടിച്ചേർത്തു.
‘കല്യാൺ ചൗബേ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രസിഡന്റായിട്ട് രണ്ടര വർഷം പിന്നിട്ടു. വളരെ മോശമായിരുന്നു ഈ കാലഘട്ടം. കളിക്കളത്തിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം മോശമായിരുന്നു. പുറത്ത് എപ്പോഴും വിവാദങ്ങളാണ്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നല്ലതിന് വേണ്ടി ചൗബേ രാജിവെയ്ക്കണം,’ ബൂട്ടിയ വ്യക്തമാക്കി.