’30 വർഷം മുമ്പ് ഊരാളികളിൽ നിന്ന് പഠിച്ചു, 3 വർഷമായി ആഭിചാരക്രിയ നടത്തുന്നു’; മണർകാട് കേസിലെ പ്രതിയുടെ മൊഴി

കോട്ടയം: മണർകാടിൽ ആഭിചാരക്രിയകൾ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ശിവദാസ് മൂന്ന് വർഷമായി ഇത്തരം പ്രവർത്തികൾ ചെയ്തുവരുന്നതായി പൊലീസ് കണ്ടെത്തി. 30 വർഷം മുമ്പ് ഊരാളികളിൽ നിന്നുമാണ് ആഭിചാരക്രിയകൾ പഠിച്ചതെന്ന് ശിവദാസ് മൊഴി നൽകി. മൂന്നുവർഷമായി പത്തനംതിട്ട ജില്ലയിൽ ഇത്തരം പ്രവർത്തികൾ ചെയ്തുവരുന്നതായും പ്രതി മൊഴി നൽകി.
യുവതിയുടെ ഭർത്താവ് അഖിൽദാസിൻ്റ മാതാവ് സൗമിനി സ്ഥിരമായി ഇയാളുടെ അടുത്ത് പോകുമായിരുന്നു. സൗമിനി കടുത്ത ദൈവവിശ്വാസിയായിരുന്നു. ആഭിചാര ക്രിയകൾക്ക് വഴങ്ങിയില്ലെങ്കിൽ ദൈവകോപമുണ്ടാകുമെന്ന് സൗമിനി യുവതിയെ പറഞ്ഞുവിശ്വസിപ്പിച്ചെന്നാണ് വിവരം.സമീപകാലത്ത് യുവതിയുടെ രണ്ട് ബന്ധുക്കൾ മരിച്ചു. ഇവരുടെ മൃതദേഹം യുവതിയുടെ ദേഹത്ത് കയറിയെന്നാരോപിച്ചാണ് സൗമിനി പ്രതി ശിവദാസിനെ നിരന്തരം സന്ദർശിച്ചത്.
ആഭിചാരക്രിയകൾ അഖിൽദാസിൻ്റെ സഹോദരി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. യുവതിയേറ്റ മർദ്ദനത്തിൻ്റെ ക്രൂരത വീഡിയോയിൽ നിന്നും വ്യക്തമാണ്. ഇത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗമിനിയും അഖിലിൻ്റെ സഹോദരിയും ഒളിവിലാണ്. സൗമിനിക്കും സഹോദരിക്കുമായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.അഖിൽദാസിൻ്റെയും യുവതിയുടെയും പ്രണയ വിവാഹം നടന്നിട്ട് ഒന്നരയാഴ്ച മാത്രമേയായിട്ടുള്ളു. ഇതിനിടയിലാണ് യുവതിയെ ആഭിചാരക്രിയകൾക്ക് വേണ്ടി നിർബന്ധിച്ചത്. യുവതിയെ മദ്യം നൽകി ബലം പ്രയോഗിച്ച് കട്ടിലിൽ കിടത്തി. ബീഡി വലിക്കാൻ നൽകി. ഈ ബീഡികൊണ്ട് തലയിൽ പൊള്ളലേൽപ്പിച്ചെന്നും ഭസ്മം തീറ്റിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. കുതറിയോടാൻ ശ്രമിച്ചപ്പോൾ പട്ടുകൾ ഉപയോഗിച്ച് കട്ടിലിൽ കെട്ടിയിടാൻ ശ്രമിച്ചു. വീണ്ടും ഓടാൻ ശ്രമിച്ചപ്പോൾ ഭർത്താവ് മർദ്ദിച്ചെന്നുമാണ് ആരോപണം.ബാധയൊഴിപ്പിക്കാൻ എന്ന പേരിൽ യുവതിയെ ഒരു തവണ അടിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവത്തിൽ അഖിൽ ദാസടക്കം മൂന്നുപേർ അറസ്റ്റിലായത്. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മണിക്കൂറുകളോളം നീണ്ട ശാരീരികവും മാനസികവുമായ പീഡനത്തിനാണ് യുവതി ഇരയായത്.യുവതിയുടെ പിതാവിൻ്റെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. മർദ്ദന വിവരമറിഞ്ഞെത്തിയ പിതാവിനൊപ്പം യുവതിയെ പറഞ്ഞ് വിട്ടിരുന്നില്ല. പിന്നാലെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ശിവദാസിനെയും അഖിൽദാസിനെയും പിതാവ് ദാസിനെയും കഴിഞ്ഞ ദിവസം മണർകാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top