വർക്കലയിൽ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമം, യുവാവ് ലഹരിക്കേസ് പ്രതി, അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ചങ്ങനാശേരി എൻഎസ്എസ് ഹോസ്പിറ്റലിന് സമീപം തോട്ടുപറമ്പിൽ വീട്ടിൽ അമൽ ബൈജു (25) ആണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശികളും വർക്കലയിൽ താമസക്കാരുമായ ദമ്പതികൾ ഞായർ രാത്രി 11 ഓടെ നോർത്ത്ക്ലിഫ് ഭാഗത്തെ റസ്റ്റോറൻ്റിൽ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്.ലഹരിയിലായിരുന്ന പ്രതി സ്ത്രീയുടെ കൈയിൽ പിടിച്ച് വലിച്ചതായാണ് പരാതി. ഭർത്താവ് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ടൂറിസം പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അമൽ ബൈജുവിനെ പിടികൂടിയത്. സിസിടിവിയിൽ അമലിനൊപ്പം മറ്റ് രണ്ട് യുവാക്കളെയും കണ്ടിരുന്നതിനാൽ അവർക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അഞ്ച് വർഷം മുമ്പ് ബംഗളൂരുവിൽ ഡാർക്ക് വെബിലൂടെ മയക്കുമരുന്ന് വാങ്ങിയ കേസിലെ പ്രതിയാണിയാളെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top