മഹാകുംഭമേളയ്ക്കിടെ ‘ഡിജിറ്റൽ സ്നാന’വും. കുംഭമേളയ്ക്കെത്തിയ യുവതിയാണ് വീഡിയോകോളിൽവന്ന ഭർത്താവിനായി മൊബൈൽ ഫോൺ നദിയിൽ മുക്കി ‘ഡിജിറ്റലായി’ സ്നാനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും വൈറലായി. കുംഭമേളയ്ക്കെത്തിയ യുവതി വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന ഭർത്താവിനെ മൊബൈൽഫോണിൽ വീഡിയോകോൾചെയ്തുകൊണ്ട് സ്നാനത്തിനായി നദിയിലിറങ്ങുന്നതാണ് ദൃശ്യങ്ങളിൽ ആദ്യമുള്ളത്. പിന്നാലെ ഭർത്താവിന് ‘ഡിജിറ്റൽ സ്നാനം’ ചെയ്യാനായി വീഡിയോകോളിലിരിക്കെ തന്നെ മൊബൈൽഫോൺ വെള്ളത്തിൽ പലതവണ മുക്കിയെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവതി ഭർത്താവിനായി നടത്തിയ ‘ഡിജിറ്റൽ സ്നാന’ത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വൻ ഭക്തജനസാന്നിധ്യംകൊണ്ട് ലോകശ്രദ്ധയാകർഷിച്ച മഹാകുംഭമേള മഹാശിവരാത്രി ദിനത്തിലാണ് സമാപിക്കുന്നത്. ചടങ്ങിലെ അവസാന പ്രധാന സ്നാനചടങ്ങുകൾ ബുധനാഴ്ചയാണ്. ഇതുവരെ 64 കോടിയിലേറെപ്പേർ പുണ്യസ്നാനം ചെയ്തെന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ കണക്ക്. ശിവരാത്രിക്ക് മുന്നോടിയായി ത്രിവേണീസംഗമത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്.