
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ കാഴ്ചയിപ്പോൾ സർവസാധാരണമാണ്. ഇവരുടെ രൂപവും ഭാവവും ഒറ്റനോട്ടത്തിൽ ആരുടെയും കണ്ണ് നനയിക്കും. എന്നാൽ ഒരു ദിവസം ഈ കുട്ടികളുടെ ഭിക്ഷാടനത്തിൻ്റെ കളക്ഷൻ മൂവായിരം മുതൽ പതിനായിരം രൂപ വരെയാണ്. ഇതൊരു വലിയ ലോബിയാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് റിപ്പോർട്ടർ.രാവിലെ എട്ട് മണിയോടെ ബീച്ചിൽ കോർപ്പറേഷൻ ഓഫീസിനോട് ചേർന്ന് ഒരു ചെറിയ വാൻ വന്ന് നിൽക്കും. കുറെ കളിപ്പാട്ടങ്ങളുമായി നാടോടികളായ മനുഷ്യരും അവരുടെ കുട്ടികളും അവിടെയിറങ്ങും. അവരുടെ മലമൂത്ര വിസർജ്ജനവുമടക്കം സർവ്വതും റോഡിൽ തന്നെയാണ്. മുതിർന്നവർ കളിപ്പാട്ടങ്ങൾ വിൽക്കുമ്പോൾ കുട്ടികളെ അവർ ഭിക്ഷാടനത്തിനയയ്ക്കും. അടുത്തുള്ള കടകളിലും റസ്റ്ററൻ്റുകളിലുമെത്തുന്നവരെ തടയും. അവരുടെ കൈകളിൽ പിടിച്ച് വലിക്കും. ബാല്യത്തിൻ്റെ തിളക്കമുളള കണ്ണുകൾ ദയനീയമായി നോക്കി വിശക്കുന്നുവെന്ന് ആംഗ്യം കാണിക്കും, പണം ചോദിക്കും. കുഞ്ഞു വയറിന്റെ വിശപ്പ് മാത്രമോർത്ത് പലരും പണം നൽകും.ചില്ലറകളായി ഭിക്ഷ നൽകുന്നവർ കുറവാണ്. ചെറിയ നോട്ടുകൾക്കിടയിൽ ചില്ലറകളും ഉണ്ടാകും. ഈ ചില്ലറകൾ സമീപത്തെ ഹോട്ടലുകളിൽ നൽകി നോട്ടുകളാക്കും. ലിംഗഭേദമന്യേ എല്ലാ കുട്ടികളും ഭിക്ഷാടന സംഘത്തിലുണ്ട്. ഭിക്ഷാടനത്തിന്റെ പതിനെട്ടടവുകളും അവർ പയറ്റും. യാചന മാത്രമല്ല, പിറകെ നടന്നും കാറിൽ കയറിയും റസ്റ്ററൻ്റുകളിലെ തീൻ മേശകളിൽ കയ്യിട്ടുവാരിയും ഉപദ്രവമുണ്ടാക്കും.
എന്നാൽ പറക്കമുറ്റാത്ത ഈ കുരുന്നുകളല്ല ഇതിന് ഉത്തരവാദികൾ. ഇവരെ ഉപയോഗിച്ച് ലക്ഷങ്ങൾ കൊയ്യുന്ന ലോബികൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഈ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ എത്രയും വേഗം ഇടപെടേണ്ടതുണ്ട്.



