കോതമംഗലം: വാരപ്പെട്ടിയിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് ഫ്രാൻസിസ് അറസ്റ്റിൽ.
മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയെ ആണ് ഇന്നലെ രാത്രിയിൽ ഫ്രാൻസിസിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ചോരപ്പാടുകളും കണ്ടെത്തിയിരുന്നു. തർക്കത്തിനിടെ ഫ്രാൻസിസ് പിക്കാസ് കൊണ്ട് സിജോയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേ കുറിച്ചുണ്ടായ സംസാരം തർക്കമായി. പിന്നാലെ പിക്കാസ് ഉപയോഗിച്ച് സിജോയെ ഫ്രാൻസിസ് ആക്രമിക്കുകയായിരുന്നു. വീട്ടിൽ വലിയൊരു സംഭവം നടന്നുവെന്ന് പറഞ്ഞ് വീട്ടുടമയായ ഫ്രാൻസിസ് തന്നെയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തോടെയാണ് സിജോയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം തുണികൊണ്ട് മൂടിയിരുന്നു. സംഭവസമയം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഫ്രാൻസിസ്. വീട്ടിൽനിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു.
സാമ്പത്തിക ഇടപാടിൽ തർക്കം, മദ്യലഹരിയിൽ പിക്കാസുകൊണ്ട് തലയ്ക്കടിച്ചു;കോതമംഗലത്തേത് കൊലപാതകം;സുഹൃത്ത് അറസ്റ്റിൽ


