കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി ഇന്നും നാളെയുമായി കൊച്ചിയില്‍ നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സംസ്ഥാന മന്തിമാര്‍, വന്‍കിട വ്യവസായികള്‍, വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും
കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുക. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന് ഗഡ്കരി, വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവര്‍ സംസാരിക്കും.
യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്റൈന്‍ വാണിജ്യ-വ്യവസായമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, സംസ്ഥാന മന്ത്രിമാര്‍ പ്രതിപക്ഷനേതാവ് പ്രമുഖ വ്യവസായി എം എ യൂസഫ് അലി, സിഐഐ പ്രസിഡന്റ് സഞ്ജീവ് പൂരി, അദാനി പോര്‍ട്സ് എം ഡി കരണ്‍ അദാനി തുടങ്ങിയവരും പങ്കെടുക്കും.
ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആഗോളതലത്തിലുള്ള ബിസിനസ് നയകര്‍ത്താക്കള്‍, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 28 പ്രത്യേക സെഷനുകള്‍, ആറ് രാജ്യങ്ങളുടെ സഹകരണം, 3000 പ്രതിനിധികള്‍, തുടങ്ങിയവ ദ്വിദിന ഉച്ചകോടിയുടെ ആകര്‍ഷണങ്ങളാണ്.
തെരഞ്ഞെടുത്ത കമ്പനികള്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലയിലെ കരകൗശല സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ പ്രദര്‍ശനവും ഉച്ചകോടിയിലുണ്ടാകും. മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ട് ദിവസങ്ങളിലുടനീളം ഉച്ചകോടിയില്‍ പങ്കെടുക്കും.
രണ്ടാം ദിനം ഒപ്പിട്ട കരാറുകളുടെയും ഉറപ്പായ വാഗ്ദാനങ്ങളുടെയും വിവരങ്ങള്‍ പുറത്തുവിടും. കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ആഗോള നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക വഴി വലിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.