കാസർകോട്: രാഷ്ട്രപതിയുടെ സ്‌തുത്യർഹ സേവനത്തിനുള്ള ഫയർ സർവീസ് മെഡൽ തിളക്കത്തിൽ ജില്ല. കാസർകോട് അഗ്‌നിരക്ഷാ സേനാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വി.എൻ. വേണുഗോപാലിനാണ് പുരസ്കാരം ലഭിച്ചത്. ചെറുവത്തൂർ, കണ്ണാടിപ്പാറ വലിയപറമ്പ് സ്വദേശിയാണ്. സംസ്ഥാനത്തെ നാലു ഉദ്യോഗസ്ഥരാണ് ഇത്ത വണ ഫയർ സർവീസ് വിഭാഗത്തിൽ മെഡലിന് അർഹരായത്. ഇതിലൊരു മെഡലാണ് വേണുഗോപാലനിലൂടെ ജില്ലയിലേക്ക് എത്തിയത്.
2004-ൽ മലപ്പുറം ഫയർ സ്‌റ്റേഷനിൽ ആറ് മാസത്തെ അടിസ്ഥാന പരിശീലനം നേടി പാലക്കാട് സ്‌റ്റേഷനിൽ ആറു മാസത്തെ സ്റ്റേഷൻ പരിശീലനവും പൂർത്തീകരിച്ചു. ആലത്തൂർ നിലയത്തിലാണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉപ്പള, പേരാവൂർ എന്നിവിടങ്ങളിലായി സേവനമനുഷ്‌ഠിച്ചു.
വിവിധ തരത്തിലുള്ള രക്ഷാപ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ച് പതിനഞ്ചോളം പുരസ്‌കാരങ്ങൾ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം പുത്തിലോട്ട് എയുപി സ്‌കൂൾ, ചെറുവത്തൂർ ടെക്‌നിക്കൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി പൂർത്തീകരിച്ചു. പയ്യന്നൂർ കോളേജിൽ പ്രീഡിഗ്രിയും ഐടിഐ കോഴ്‌സും പൂർത്തീകരിച്ചാണ് സേനയിൽ പ്രവേശിച്ചത്.
1987-ലെ സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയിലെ 100, 200, ലോങ് ജംപ്, ഹർഡിൽസ് എന്നിവയിലെ വ്യക്തിഗത ചാമ്പ്യനായിരുന്നു. 2025-ൽ ഡൽഹിയിൽ നടന്ന നാഷണൽ ഫയർ സർവീസ് കായികമേളയിൽ 4X100 റിലേയിൽ വെള്ളി മെഡൽ നേടിയിരുന്നു.
ജനുവരി 27 മുതൽ 31 വരെ രാജസ്ഥാനിൽ നടക്കുന്ന നാഷണൽ ഫയർ സർവീസ് കായികമേളയിൽ 100, 200, ലോംഗ് ജംപ്, സ്റ്റയർ റൺ എന്നീ ഇനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
ഭാര്യ: വി. സോസിനി (ചാത്തമത്ത്). മക്കൾ: വി.വി. അനുപ്രഭ (ആയുർവേദ ഫാർമസി വിദ്യാർഥിനി). വി.വി. അഭിഷാൻ (കുട്ടമത്ത് ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥി).
വി.എൻ വേണുഗോപാലിന് രാഷ്ട്രപതിയുടെ മെഡൽ; കാസർകോട് ഫയർഫോഴ്‌സിനു അഭിമാന തിളക്കം


