അധ്യാപക ഒഴിവ് : ചീമേനി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ
എച്ച്എസ്എസ് വിഭാഗത്തിൽ മാത്സ് ജുനിയർ, ഇംഗ്ലിഷ് ജുനിയർ, കൊമേഴ്സ് ജുനിയർ, സുവോളജി ജുനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 18ന് 2 മണിക്ക് സ്കൂൾ ഓഫിസിൽ.
യോഗ പരിശീലനം
കണ്ണൂർ രാജ്യാന്തര യോഗാദിനത്തോട് അനുബന്ധിച്ചു മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും കാൻസർ വിമുക്തരുടെ കൂട്ടായ്മയായ ഫ്രൻഡ്സ് ഫോർ കാൻസർ കെയറിന്റെയും നേതൃത്വത്തിൽ 21നു രാവിലെ 10നു പുതിയ യോഗ ബാച്ചിനു തുടക്കം കുറിക്കുന്നു. 20 വർഷമായി കാൻസർ രോഗവിമുക്തിക്കായി യോഗ പരിശീലനം നൽകുന്നുണ്ട്. ഡോ.ടി.വി.പത്മനാഭൻ, ടി.കെ.ദീപ്തി എന്നിവരാണു പരിശീലനത്തിനു നേതൃത്വം നൽകുന്നത്. പുതിയ ബാച്ചിൽ പങ്കെടുക്കുന്നവർ 19ന് 4നു മലബാർ കാൻസർ കെയർ സൊസൈറ്റി, സൗത്ത് ബസാർ, കണ്ണൂർ – 2 എന്ന വിലാസത്തിലോ 0497 2705309, 2703309 എന്നീ നമ്പറുകളിലോ വിളിച്ചു റജിസ്റ്റർ ചെയ്യണം.
അപേക്ഷ ക്ഷണിച്ചു
ഇരിട്ടി കേരള സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഇരിട്ടി പുതിയ ബാഡിനകത്തുള്ള സ്കിൽ സെൻ്ററിൽ പിഎസ്സി അംഗീകൃത ഹ്രസ്വകാല കംപ്യുട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ ഇംഗ്ലിഷ് ആൻഡ് മലയാളം, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജിഎസ്ടി, ഗ്രാഫിക് ഡിസൈനിങ് ആൻഡ് ഡിടിപി കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോൺ. 9495023750.
കൂത്തുപറമ്പ് നിർമലഗിരി കോളജിൽ(ഓട്ടോണമസ്) എംഎസ്സി ഫിസിക്സ്, കെമിസ്ട്രി, സുവോളജി, എംഎ ഇക്കണോമിക്സ് എന്നീ പിജി പ്രോഗ്രാമുകളിൽ ഒഴിവുള്ള എസ്സി / എസ്ടി സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിദ്യാർഥികൾ 17, 18 തീയതികളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. 7902200068,
വി.കെ.രവീന്ദ്രന് ആദരം 28, 29 തീയതികളിൽ തൃക്കരിപ്പൂർ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വി.കെ.രവീന്ദ്രനു തൃക്കരിപ്പൂർ പൗരാവലിയുടെ നേതൃത്വത്തിൽ നൽകുന്ന ആദരം പരിപാടിയുടെ ഒരുക്കങ്ങളായി.
യുവജന പ്രസ്ഥാന നായകൻ, രാഷ്ട്രീയ നേതാവ്, പത്രപ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ സർഗാത്മകതയുടെ വ്യത്യസ്ത മേഖലകളിൽ സഞ്ചരിക്കുന്ന രവീന്ദ്രൻ എൺപതിലേക്കെത്തുന്ന വേളയിലാണ് ആദരം. 28, 29 തീയതികളിൽ തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് ദർശനപഥം സ്വരം-സ്മൃതി-സംവാദം എന്ന പരിപാടി. 28 നു ഉച്ചയ്ക്ക് 2 നു മാധ്യമ സെമിനാറോടെ ആദരം പരിപാടികൾ തുടങ്ങും. രാജ്മോഹൻ ഉണ്ണിത്താൻ എംപി സെമിനാർ ഉദ്ഘാടനം ചെയ്യും. കെ. കെ. രാജേന്ദ്രൻ അധ്യക്ഷത വഹിക്കും.
എൻ.പി.സുധർമ മോഡറേറ്ററായിരിക്കും. വെങ്കിടേഷ് രാമകൃഷ്ണൻ, കെ.കെ.ഷാഹിന, മനില സി. മോഹൻ എന്നിവർ പങ്കെടുക്കും.
വൈകിട്ട് 5.30 നു പുസ്തക പ്രകാശനം മുൻ സ്പീക്കർ എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും. ടി.ഐ. മധുസുദനൻഎംഎൽഎ അധ്യക്ഷത വഹിക്കും. എ.കെ. ശ്രീധരൻ പുസ്തകം സ്വീകരിക്കും. നിരുപകൻ ഇ.പി.രാജഗോപാലൻ പരിചയപ്പെടുത്തും. 29 നു ഉച്ചക്ക് 2 നു ‘മാർക്സ് -ഗാന്ധി-ലോഹ്യ-അംബേദ്കർ’ ധൈഷണിക ജീവിതവും കാഴ്ചപ്പാടും എന്ന വിഷയത്തിൽ ഓപ്പൺഫോറം. സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. പി.കെ.സുരേഷ് കുമാർ മോഡറേറ്ററായിരിക്കും. വൈകിട്ട് 5.30 നു ആദരസമ്മേളനം സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിക്കും.