തൃശൂർ: ഒന്നാംകല്ലിലെ ഫിറ്റ്നസ് പരിശീലകനായ മാധവിൻ്റെ മരണ കാരണത്തിൽ അവ്യക്തത. മസിലിനു കരുത്തു ലഭിക്കാൻ യുവാവ് അമിതമായി മരുന്നുകൾ ഉപയോഗിച്ചതായി സൂചന. വിദേശനിർമിത മരുന്നുകളും സിറിഞ്ചും കിടപ്പുമുറിയിൽ നിന്ന് പൊലീസിനു ലഭിച്ചിട്ടുണ്ട്. മരണകാരണം പോസ്റ്റ്മോർട്ടത്തിലും വ്യക്തമായില്ലെന്നാണ് വിവരം. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു. ശരീര സൗന്ദര്യ മൽസരങ്ങളിൽ സ്ഥിരമായി മാധവ് പങ്കെടുക്കാറുണ്ടായിരുന്നു. ഒന്നാംകല്ല് ചങ്ങാലി മഠപതി ക്ഷേത്രത്തിനു സമീപത്തെ ചങ്ങാലി വീട്ടിൽ മണിയുടെയും കുമാരിയുടെയും മകൻ മാധവിനെ(28) ബുധനാഴ്‌ച പുലർച്ചെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിം ട്രെയിനറായ മാധവ് ദിവസവും പുലർച്ചെ നാലിന് ഉണർന്ന് ജിമ്മിൽ പോകാറുണ്ട്. എന്നാൽ 4.30 ആയിട്ടും എഴുന്നേൽക്കാതെ വന്നതിനെ തുടർന്ന് മാതാവ് വാതിൽ മുട്ടിവിളിച്ചിട്ടും തുറന്നില്ല. തുടർന്ന് അയൽവാസികളെ വിളിച്ചുവരുത്തി അവരുടെ സഹായത്തോടെ വാതിൽ തള്ളി തുറന്നപ്പോൾ കട്ടിലിൽ അനക്കമറ്റ നിലയിൽ യുവാവിനെ കാണുകയായിരുന്നു. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആരോഗ്യസംരക്ഷണത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു മാധവ്. വിവാഹം അടുത്ത മാസം ഉറപ്പിക്കാനിരിക്കെ ആണ് മരണം.
ഫിറ്റ്നസ് പരിശീലകനായ 28 കാരൻ്റെ മരണം; വില്ലനായത് മസിലിന് കരുത്തുകൂടാൻ കഴിച്ച മരുന്നോ?, ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക്


